മധുരപലഹാരങ്ങളിൽ മിക്കവർക്കും ഏറെ ഇഷ്ടമുള്ളതാണ് ഹൽവ. എന്തിനേറെ കോഴിക്കോടൻ ഹൽവ എന്നൊക്കെ പറയുമ്പോൾ വായയിൽ കപ്പലോടും.. പലനിറങ്ങളിൽ ഹൽവ നിരന്നിരിക്കുമ്പോൾ കഴിക്കാതെ പോകാൻ ആർക്കും തോന്നില്ല . എന്നാൽ കടയിൽ നിന്ന് വാങ്ങാതെ ഇനി ഹൽവ വീട്ടിൽ തയാറാക്കിയാലോ? ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ ഓയിലും നെയ്യും ഒന്നും ചേർക്കാത്ത ഹൽവയാണ്. വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ ഹൽവ തയാറാക്കാൻ. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
അവൽ – 1 കപ്പ്
ശർക്കര – 300 ഗ്രാംസ്
തേങ്ങ – ഒന്ന്
തയാറാക്കുന്ന വിധം
• അവൽ നന്നായി വറുത്തു പൊടിച്ചു വയ്ക്കുക.
• ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.
•ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാൽ വേണം.
•തേങ്ങാപ്പാലിൽ അവൽ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാനിലേക്കു ഒഴിച്ച് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വയ്ക്കുക.. ചെറുതായി കുറുകുമ്പോൾ ശർക്കര പാനി കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഹൽവ റെഡി. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം
Read Also : ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി