തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം.
ഇതിനായി ഫോർട്ട് പോലീസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ ഭിന്നതയാണോയെന്ന് ആണ് പൊലീസിന്റെ സംശയം.
ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് മോഷണമാണെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മേയ് ഏഴിനും പത്തിനുമിടയിലാണ് മോഷണം നടന്നതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. പിന്നീട് ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്താൻ ഒരുങ്ങുന്നത്.
ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും കാലി; ശ്രീചിത്രയിൽ തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയ മുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയിൽ ശസ്ത്രക്രിയക്ക് ഗുരുതര പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ വരുന്ന തിങ്കളാഴ്ച മുതൽ ശ്രീചിത്രയിൽ ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് റേഡിയോളജി മേധാവി ഡയറക്ടർക്ക് കത്ത് കൈമാറി. കമ്പനികളുമായി കരാർ ഏർപ്പെടുന്നതിൽ മാനേജ്‍മെന്റിനു വീഴ്ച്ച എന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ നിയമപ്രകാരം ഓരോ വർഷവും ശ്രീചിത്രയിലെ കരാറുകൾ പുതുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കമ്പനികൾ നൽകുന്ന ഉപകരണങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങളും മറ്റും ആശുപത്രിക്ക് ലഭിക്കൂ. എന്നാൽ 2023 നു ശേഷം കരാറുകൾ പുതുക്കിയിരുന്നില്ലെന്നും ഇതോടെ ആശുപത്രി ഉപകരണങ്ങളുടെ വിതരണം കമ്പനി നിർത്തിവെക്കുകയായിരുന്നു.
അതേസമയം മാനേജ്മെന്റിന് സംഭവിച്ച ഈ വീഴ്ച ഡോക്ടർമാരുൾപ്പടെയുള്ള വകുപ്പ് മേധാവികൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള നടപടിയും ഇതിൽ ഉണ്ടായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതുകൊണ്ട് തന്നെ ആൻജിയോപ്ലാസ്റ്റി ഉൾപ്പടെയുള്ള ശസ്ത്രക്രിയ നിർത്തിവെക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങി തന്നാൽ ശസ്ത്രക്രിയ നടത്തി തരുമോ എന്നാണ് രോഗികളുടെ ബന്ധുക്കളും ചോദിക്കുന്നത്.