കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് തടയിട്ട് സ്വർണവില. ഇന്ന് സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 65 രൂപ വര്‍ദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് 8,290 രൂപയായി.
പവന് 520 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 66,320 രൂപയിലെത്തി. ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെ വിശേഷ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാക്കിയാണ് സ്വർണവില കുത്തനെ കൂടിയത്.
സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2,680 രൂപയുടെ ഇടിവ് ആണ് ഉണ്ടായിരുന്നത്. ഗ്രാമിന് 8225 രൂപയും പവന് 65,800 രൂപയുമായിരുന്നു ഇന്നലത്തെ വിപണി വില. അതേസമയം 18 കാരറ്റ് സ്വർണവിലയും കുത്തനെ കൂടി.
ഒരുവിഭാഗം അസോസിയേഷന്റെ ജ്വല്ലറികളിൽ വില ഗ്രാമിന് 55 രൂപ ഉയർന്ന് 6,835 രൂപയിലെത്തിയപ്പോൾ മറ്റൊരു വിഭാഗം അസോസിയേഷൻ നൽകിയ വില 50 രൂപ കൂട്ടി 6,795 രൂപയാണ്. എന്നാൽ വെള്ളിവില ഗ്രാമിന് 102 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.