കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 840 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില 53,360 രൂപയായി. ഗ്രാമിന് 105 രൂപ വർധിച്ച് 6670 രൂപയിലെത്തി.Gold prices in the state soared again
ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 6565 രൂപയായിരുന്നു വില. ഈ മാസം ഏഴ്, എട്ട് തീയതികളിലായിരുന്നു സ്വർണവില ഏറ്റവും താഴ്ന്നുനിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു പവൻ വില.
ഈ മാസം തുടക്കം മുതൽ സ്വർണവിലയിൽ കൂടിയും കുറഞ്ഞുമാണ് മുന്നേറിയത്. ആഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 51600 രൂപയായിരുന്നു വില.
തുടർന്നുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞു മുന്നേറിയ സ്വർണവില ഓഗസ്റ്റ് ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 50,800 രൂപയിലെത്തി.
തൊട്ടടുത്ത ദിവസവും ഇതേ നിരക്ക് തുടന്നു. ഇതിനുശേഷമുള്ള ദിവസങ്ങളിൽ സ്വർണവില കൂടുന്നതാണ് കണ്ടത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നിരുന്നു. 55,000 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരം. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.
സംസ്ഥാനത്ത് വിവാഹ സീസൺ ആകുന്നതോടെ സ്വർണ വില കൂടുന്ന ട്രെൻഡ് സാധാരണക്കാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്ന് വിപണിയിലെ വിദഗ്ദർ പറയുന്നു.
ആഗോളവിപണിയിലെ സ്വാധീനവും സ്വർണത്തോടുള്ള ഡിമാൻഡ് കൂടുന്നതും വില വർദ്ധിക്കാൻ കാരണമാകുന്നതായി വിദഗ്ദർ പറയുന്നു. രൂപയുടെ മൂല്യം കുറയുന്നതും സ്വർണവില കൂടാനുള്ള മറ്റൊരു കാരണമാണ്