ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ
ഗോവയിൽ രണ്ട് റഷ്യൻ യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ റഷ്യൻ പൗരൻ അലക്സി ലിയോനോവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗോവ പോലീസ്.
ഈ കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഭവങ്ങൾക്ക് പിന്നിലെന്നുമാണ് പോലീസിന്റെ വിശദീകരണം.
കൊല്ലപ്പെട്ട ഇലന വനീവയും ഇലന കസ്തനോവയും അലക്സിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. കസ്തനോവ അലക്സിയിൽ നിന്ന് കുറച്ച് പണവും ‘റബ്ബർ കിരീടം’ എന്നറിയപ്പെടുന്ന, നർത്തകർ തീപ്പന്തം തലയിൽ വയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കടം വാങ്ങിയിരുന്നു.
ഇത് തിരികെ ലഭിക്കാത്തതിനെ തുടർന്നുണ്ടായ ദേഷ്യമാണ് ഈ മാസം 14, 15 തീയതികളിൽ നടന്ന കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നൂറിലധികം സ്ത്രീകളുടെയും രണ്ട് പുരുഷന്മാരുടെയും ചിത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
അലക്സിക്ക് മാനസികാസ്വാസ്ഥ്യമുണ്ടാകാമെന്നും സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുൻപ് അഞ്ച് പേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന അലക്സിയുടെ അവകാശവാദം അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞു.
ആ അഞ്ച് പേരും ജീവനോടെയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ പ്രതിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സംശയം ശക്തമാണ്.
ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അസം സ്വദേശിനി മൃദുസ്മിത സൈങ്കിയയുടെ മരണത്തിലും അലക്സിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
മരണത്തിന് മുൻദിവസം മൃദുസ്മിത അലക്സിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നതാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ.
ദീർഘകാല വിസയിൽ ഇന്ത്യയിൽ കഴിയുന്ന അലക്സി വിവിധ നഗരങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമുള്ള ഇയാൾ മുൻപും ഗോവയിൽ പലരുമായി അടിപിടിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
English Summary
Goa Police have revealed more details about Russian national Alexey Leonov, who was arrested for the brutal murder of two Russian women in Goa. According to the police, the killings were not premeditated but occurred due to sudden provocation.
goa-russian-women-murder-alexey-leonov-police-revelations
Goa murder case, Alexey Leonov, Russian women killed, Goa Police, double murder, crime news, mental health suspicion, drug abuse investigation









