വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു നല്‍കണമെന്ന് നാട്ടുകൂട്ടത്തിന്‍റെ കല്പനയ്ക്ക് പിന്നാലെ ഭയന്ന് പെൺകുട്ടിയുടെ അച്ഛൻ ജീവനൊടുക്കി. ആദിൽ എന്ന യുവാവാണ് ജീവനൊടുക്കിയത്.
സംഭവം ഇങ്ങനെ:
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുന്‍ഖ്വയിലെ ഗ്രാമത്തിലാണ് സംഭവം.
വിവാഹ ചടങ്ങിനിടെ ആദിലിന്‍റെ അനന്തരവന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന യുവതിയുടെ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് നാട്ടുകൂട്ടം ചേർന്നു.
സ്വന്തം വീട്ടിലാണ് സംഭവം നടന്നതെന്നതിനാല്‍ ആദിലിനും ഉത്തരവാദിത്വമുണ്ടെന്നാണ് നാട്ടുകൂട്ടത്തിന്‍റെ തീരുമാനം. അനന്തരവന് 6 ലക്ഷം പാക്കിസ്ഥാന്‍ രൂപയാണ് നാട്ടുകൂട്ടം പിഴ ചുമത്തിയത്. ഈ തുക അയാൾ അടയ്ക്കുകയും ചെയ്തു.
എന്നാൽ ആദിലിന്‍റെ 12 കാരിയായ മകളെ നഷ്ടപരിഹാരമായി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന് വിവാഹം ചെയ്ത് നല്‍കണം എന്നായിരുന്നു നാട്ടുകൂട്ടത്തിന്റെ മറ്റൊരു വിധി. ഇതിന് തയ്യാറാവാതെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഇത്തരം നാട്ടുകൂട്ടങ്ങള്‍ നിയമപരമായ പരിരക്ഷയുണ്ടെങ്കിലും തര്‍ക്കപരിഹാരത്തിന് സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകൂട്ടത്തിലെ മൂന്നുപേർ അറസ്റ്റിലായി.
സാധാരണയായി പാകിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിനും ആധുനിക കോടതി സംവിധാനത്തോടൊപ്പം നിയമപരമായി പ്രവർത്തിക്കുന്ന മുതിർന്ന പുരുഷന്മാരുടെ ഗ്രാമ കൗൺസിലുകൾ ഉണ്ടാവാറുണ്ട്.