ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കേസിനാസ്പദമായ സംഭവം. റിങ്കു, അജയ്, ശുഭം എന്നിവരാണ് പൊലീസ് പിടിയിലായത്.
കേസിൽ രണ്ട് പേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗേ ഡേറ്റിംഗ് ആപ്പായ ഗ്രിൻഡർ വഴിതന്നെയാണ് യുവാവ് മറ്റ് പ്രതികളെ പരിചയപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനോട് സൗഹൃദം സ്ഥാപിച്ച് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യുപി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട സംഘം നിരന്തരമുള്ള ചാറ്റിങ് വഴി ബന്ധം ശക്തിപ്പെടുത്തി യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് യുവാക്കൾ ലൈംഗിക വേഴ്ചയിലേർപ്പെട്ടു. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മറ്റു ചിലർ ഇവരുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്യുകയും 1.40 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിടിയിലായ റിങ്കുവാണ് സംഘത്തിൻറെ സൂത്രധാരനെന്ന് പൊലീസ് പറയുന്നത്. ഒളിവിലായ രണ്ട് പേരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.