കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. അഞ്ചുപേരെയും കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും.
ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാഗിങ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
ഇന്ന് പുലർച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻ്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.