ജീവികളുടെ തലച്ചോറിൽ നുഴഞ്ഞുകയറി സോംബികളാക്കി മാറ്റുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബി.ബി.സി.യുടെ വിന്റർവാച്ച് എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 2021-ലാണ് ഈ ‘സോംബി ചിലന്തികളെ’ കണ്ടെത്തുന്നത്. ഫംഗൽ സിസ്റ്റമാറ്റിക്സ് ആൻഡ് എവല്യൂഷൻ എന്ന ജേണലിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അയർലൻഡിലെ ഗുഹകളിൽ കാണപ്പെടുന്ന ചില ചിലന്തികളെയാണ് ഈ ഫംഗസ് ബാധിക്കുന്നത്. ജിബെല്ലുലാ അറ്റൻബെറോഗി (Gibellula attenboroughii) എന്ന ഈ ഫംഗസ് തലച്ചോറിലെ ഡോപ്പമിൻ എന്ന ഹോർമോൺ ഉത്‌പാദനത്തെയാണ് ബാധിക്കുന്നത്.
ഇതോടെ ഫംഗസിനു വേണ്ടരീതിയിൽ പ്രവർത്തിക്കാൻ തയ്യാറാകുന്ന ചിലന്തികൾ സുരക്ഷിതമായ വലവിട്ട് ഗുഹയുടെ ഭിത്തികളിലേക്കും മേൽക്കൂരയിലേക്കും ഇറങ്ങിവന്നശേഷം അവിടെവെച്ച് ജീവൻ വെടിയുന്നു.
ഇതോടെ ഫംഗസിന്റെ വിത്തുകൾ(spores) കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സോംബി ചിലന്തികൾ ഉണ്ടാകുകയും ചെയ്യുന്നു. സെന്റർ ഫോർ അഗ്രികൾച്ചർ ആൻഡ് ബയോസയൻസസ് ഇന്റർനാഷണൽ (CABI), ഡെൻമാർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം. ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ ഇനത്തിന്റെ ഡിഎൻഎയും രൂപഘടനയും കണ്ടെത്തിയത്.