നിരവധി മാറ്റങ്ങളുമായി എടവമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതി സേവ ഉൾപ്പെടെയുണ്ടാകും. 19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതാണ്.
2018ലെ പ്രളയത്തോടെയാണ് പമ്പയിലെ പാർക്കിങ് നിലച്ചത്. പ്രളയത്തിൽ പാർക്കിങ് ഗ്രൗണ്ടുകൾ മണ്ണ് കയറി മൂടിയിരുന്നു. ഇതോടെയാണ് പാർക്കിങ് പൂർണമായും നിലയ്ക്കലിലേക്ക് മാറ്റിയത്. ദേവസ്വം ബോർഡിൻറെ ഹർജിയിലാണ് ഇപ്പോൾ പമ്പയിലെ താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി നൽകിയത്. അതേസമയം ശബരിമലയിലെത്തുന്ന കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. സാധാരണക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. മാസപൂജ സമയത്ത് ചെറിയ വാഹനങ്ങൾക്ക് ചക്കുപാലം രണ്ട്, ഹിൽടോപ് എന്നിവിടങ്ങളിൽ പാർക്കിങ് അനുമതി നൽകിയ കോടതി ഹാഷ്ടാഗും നിർബന്ധമാക്കി.
ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ദേവസ്വം ബോർഡിനും പോലീസിനും ലഭിച്ചിട്ടില്ല. ഉത്തരവിന്റെ പകർപ്പ് ഉലഭിച്ചശേഷമേ പാർക്കിങ് നടപടികളിൽ വ്യക്തത വരൂ. ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും ആണ് പാർക്കിങ് അനുമതിയുള്ളത്. കാറ് വരെയുള്ള വാഹനങ്ങൾക്ക് മാത്രമേ പാർക്കിങ് അനുവദിക്കൂ. ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങൾ മാത്രമേ കടത്തി വിടാവൂ എന്നാണ് ഹൈക്കോടതി നിർദ്ദേശം.
Read More: വാരണാസിയിൽ ഇത് മൂന്നാം വട്ടം; നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി, എത്തിയത് യോഗിയോടൊപ്പം