മലപ്പുറത്തെ പാരമ്പര്യ വൈദ്യകുടുംബത്തിൽ നിന്ന് ജീവിതോപാധി തേടി യുഎഇയിലെത്തിയ സി.പി. ഫൈസൽ. ഇന്ന് വീ പെർഫ്യൂം എന്ന സുഗന്ധദ്രവ്യശ്രേണിയുടെ തലവനാണ് . 600 ദിർഹം ആദ്യ ശമ്പളത്തിൽ നിന്നാരംഭിച്ച് 750 മില്യൻ ദിർഹം വാർഷിക വരുമാനത്തിലെത്തി നിൽക്കുന്നൊരു സ്ഥാപനത്തിന്റെ അമരക്കാരിൽ ഒരാൾ. യുഎഇയിലും ജിസിസിയിലും വിജയസുഗന്ധമായി വീ പെർഫ്യൂം മാറിയതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും, സൗഹൃദത്തിന്റെയും കഥയുണ്ട്.
ഫൈസലിന്റെ പിതാവ് കുഞ്ഞാലൻകുട്ടി ഗുരുക്കൾ എഴുപതുകളിൽ പത്തേമാരിയിൽ മണലാരണ്യത്തിലേക്ക് ഉപജീവന മാർഗം തേടിപ്പോയവരിലൊരാളായിരുന്നു. യുഎഇയിൽ റിഗ്ഗിലായിരുന്നു അദ്ദേഹത്തിന് ജോലി. പിതാവിനെക്കുറിച്ചു പറയുമ്പോൾ മകന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഗൾഫിലെ അത്തറിന്റെ മണമാണ്.
വളരെ കണിശക്കാരനായ പിതാവായിരുന്നു ഗുരുക്കൾ. മകനെ ഡോക്ടറായിക്കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടുവിട്ട ഫൈസലിനെ പിന്നീട് കോയമ്പത്തൂരിലെ തെരുവുകച്ചവടക്കാരുടെ സംഘത്തിൽ നിന്ന് വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തിരികെ നാട്ടിലെത്തുമ്പോഴേക്കും ഫൈസലിലെ വിദ്യാർഥി മറ്റൊരു മേഖല തേടിപോയിരുന്നു.മലപ്പുറം തിരൂരിൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ തുടങ്ങുന്ന കാലമായിരുന്നു അത്. അവിടെ ഫൈസൽ ജോലിക്ക് കയറിയ സമയത്താണ് പിതാവ് യുഎഇയെന്ന സ്വപ്നം മകന് മുന്നിൽ തുറന്നുവെച്ചത്.
1996ലാണ് ആദ്യമായി ഫൈസൽ ഒരു ഫ്രീ വീസയിൽ ദുബായിലെത്തുന്നത്. ഭാഷ പഠിക്കുകയെന്നുള്ള ആദ്യ കടമ്പ മുതൽ ഒന്നൊന്നായി പലതും കടക്കാനുണ്ടായിരുന്നതുകൊണ്ടുതന്നെ തുടക്കത്തിൽ കിട്ടിയ എല്ലാ ജോലികളും ഫൈസൽ ചെയ്തു. പലയിടത്തും ശമ്പളം പോലുമുണ്ടായിരുന്നില്ല. മാളുകളിലെ ഷോപ്പുകളിൽ കണ്ണാടി ജനലുകളും ചുമരുകളും ക്ലീൻ ചെയ്യുന്നതുൾപ്പെടെയുള്ള പല പാർട്ട് ടൈം ജോലികളും ചെയ്ത ഫൈസലിന്റെ ആദ്യ ശമ്പളം 600 ദിർഹം മാത്രമായിരുന്നു.
പിന്നീട് പെർഫ്യൂം ഷോപ്പിലെ സെയിൽസ്മാനായി തൊഴിൽ. പിന്നീടങ്ങോട്ട് കഠിനാധ്വാനവും, ലക്ഷ്യബോധവുംകൊണ്ട് പടിപടിയായി മാനേജരും ഏരിയാ മാനേജരുമെല്ലാമായി സ്ഥാനക്കയറ്റം. ഇതിനിടയിൽ മുടങ്ങിപ്പോയ വിദ്യാഭ്യാസവും ഭാഷാ പഠനവും ഫൈസൽ തുടർന്നു.
ഉമ്മയോട് പ്രത്യേക അടുപ്പമാണ് ഏക മകനായ ഫൈസലിന്. അഞ്ച് സഹോദരിമാർക്ക് ഒറ്റ സഹോദരനാണ് ഫൈസൽ. ആ വാത്സല്യം എല്ലാവര്ക്കും ഫൈസലിനോടുണ്ടായിരുന്നു. ഉമ്മയുടെ നിസ്കാരപ്പായയിലാണ് ആദ്യമായി പെർഫ്യൂം കാണുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തവും കടമകളുമായിരുന്നു 18-ാം വയസ്സിൽ അധ്വാനം തുടങ്ങിയ ഫൈസലിന്റെ മനസ്സ് മുഴുവൻ . 21-ാം വയസ്സിൽ വിവാഹം കഴിച്ചു. പിന്നീട് ഭാര്യയും നാല് മക്കളും ജീവിതത്തിൽ കൂട്ടായി.
ജോലി ചെയ്യുന്നതിനിടയിൽതന്നെ ചെറിയ രീതിയിൽ ബിസിനസുകളും ഫൈസൽ ആരംഭിച്ചിരുന്നു. ആദ്യമൊന്നും വിജയം കണ്ടില്ലെങ്കിലും പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. 2008ൽ ലോകം സാമ്പത്തിക മാന്ദ്യത്തിലായ സമയത്താണ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ കുവൈത്ത് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഫൈസലും സുഹൃത്തുക്കളും ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിക്കുന്നത്.
സാമ്പത്തികമായി സുരക്ഷിതത്വമില്ലാത്ത അക്കാലത്ത് അത്തരമൊരു തീരുമാനം വലിയ റിസ്‌ക്കായിരുന്നുവെങ്കിലും സുഹൃത്തുക്കളോടൊപ്പം ആ റിസ്‌ക് ഏറ്റെടുക്കുവാൻ തന്നെ ഫൈസൽ തീരുമാനിച്ചു, ബഷീർ ഗുരുക്കൾ ചങ്ങമ്പള്ളി, ഫൈസൽ അബു യൂസഫ് അബ്ദുള്ള എന്നീ രണ്ട് സുഹൃത്തുക്കളും, ഒപ്പം പഴയ സ്ഥാപനത്തിലുണ്ടായിരുന്ന ബ്രിട്ടിഷ് പൗരനായിരുന്ന പീറ്റർ സ്റ്റാഫായും ചേർന്നപ്പോൾ, ദുബായ് ഔട്ട്‌ലെറ്റ് മാളിൽ 150 ചതുരശ്രമീറ്ററിൽ വി ബ്രാൻഡ് ഗാലറി പിറവികൊണ്ടു.
ചെറിയ പേര്, റജിസ്റ്റർ ചെയ്യുമ്പോൾ അക്ഷരക്കുറവ് വഴിയുള്ള പണ ലാഭം മാത്രമാണ് പ്രധാനമായും വി എന്ന ചെറിയ പേര് തിരഞ്ഞെടുക്കുമ്പോൾ അന്ന് ഓർത്തതെന്ന് ഫൈസൽ പറഞ്ഞു. ഇതിനിടെ ഫ്രാൻസിൽ പോയി പെർഫ്യൂമറി പഠിച്ചു.
ഇന്നിപ്പോൾ സിനിമാ മേഖലയിലെ നിരവധിപേരടക്കം പല പ്രമുഖരും സുഗന്ധം തേടിയെത്താറുണ്ട്. ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുളള പെർഫ്യൂം അതിൻറെ ജിസിസി വിതരണക്കാരായി തിരഞ്ഞെടുത്തിരിക്കുന്നത് വീ പെർഫ്യൂംസിനെയാണ്. ഇക്കാലത്തിനിടെ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് അതെന്ന് ഫൈസൽ പറയുന്നു.
പുതിയ സുഗന്ധവും കാഴ്ചകളും തേടി യാത്രകൾ ചെയ്യറുണ്ട് . യാത്രകളിലൂടെ നേടിയെടുക്കുന്ന അനുഭവസമ്പത്തും അറിവുകളും മാറുന്ന അഭിരുചികളുമെല്ലാം മനസിലാക്കി പുതിയ പുതിയ സുഗന്ധങ്ങളുമായി മുന്നേറുകയാണ് ഫൈസൽ.
ആദ്യ ഷോറൂം തുടങ്ങുന്ന സമയത്ത്, പ്രചോദനം നൽകിയ, തിരിച്ചടി വന്നാൽ നാട്ടിലേക്കയക്കുവാനുളള പണം പോലും തങ്ങൾ തരാമെന്ന് പറഞ്ഞ സൗഹൃദങ്ങളാണ് അന്നും ഇന്നും ഫൈസലിൻറെ വലിയ കരുത്ത്.യുഎഇയിലെ പെർഫ്യൂം മേഖലയിലെ മലയാളികളിൽ കൂടുതലും തിരൂർ ഭാഗത്തുനിന്നുളളവരാണെന്നുളളതാണ് മറ്റൊരു കൗതുകം. ഒരു ദിവസം കൊണ്ടുണ്ടായ വിജയമല്ല ഇത്, മറിച്ച് നാളുകൾ നീണ്ട പരിശ്രമങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും ഫലമാണിത്.