കൊച്ചി: ദേശീയപാത 66 ആറുവരിപ്പാതയാക്കുന്ന നിർമാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2025ൽ പൂർത്തിയാകുന്ന രീതിയിലാണ് കേരളത്തിലെ വിവിധ റീച്ചുകളിൽ നിർമാണം പുരോഗമിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപ്പാത നിർമാണം പൂർത്തിയാക്കുന്നതോടെ കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റേത്തേക്ക് എട്ടുമണിക്കൂർ കൊണ്ട് എത്താൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് കാസർകോട് നിന്ന് പുറപ്പെട്ട് തിരുവന്തപുരത്ത് എത്താൻ എട്ടുമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്.
എട്ടുമണിക്കൂർ കൊണ്ട് കേരളത്തിൻ്റെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേ അറ്റത്തേക്ക് യാത്ര സാധ്യമാകുന്ന ആറുവരിപ്പാതയാണ് സംസ്ഥാനത്ത് ഒരുങ്ങുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. കേരള ബജറ്റ് അവതരണവേളയിൽ ധനമന്ത്രി കെഎൻ ബാലഗോപാലും ദേശീയപാതയെക്കുറിച്ച് പരാമർശിച്ചിരുന്നു. 8 മണിക്കൂർകൊണ്ട് കേരളത്തിന്‍റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ യാത്ര ചെയ്യാമെന്നായിരുന്നു വാക്കുകൾ.
തലപ്പാടി മുതൽ കഴക്കൂട്ടംവരെ ദേശീയപാത 66 ആറുവരിയായി നിർമിക്കുന്നത് സിഗ്നലുകളില്ലാതെയാണ്. 603 കിലോമീറ്റർ നീളത്തിലാണ് സിഗ്നലുകളില്ലാത്ത റോഡ് കേരളത്തിൽ ഒരുങ്ങുക. റോഡ് മുറിച്ചുകടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും. കഴക്കൂട്ടം മുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാണ് ദേശീയപാത 66ൽ സിഗ്നലുകൾ ഉണ്ടാവുക എന്നാണ് വിവരം. ഇതോടെ ആറുവരിപ്പാതയിലൂടെ വാഹനങ്ങൾക്ക് ചീറിപ്പായാൻ കഴിയും.
വന്ദേ ഭാരത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എട്ട് മണിക്കൂർ സമയം എടുക്കുന്നുണ്ട്. കേരളത്തിലെ ട്രാക്കുകളിലെ വളവും തിരിയും മറ്റുപ്രശ്നങ്ങളും മൂലം 90 ശരാശരി വേഗതയിലാണ് പല റീച്ചിലും വന്ദേ ഭാരത് ഓടുന്നത്. ഷൊർണൂർ – കാസർകോട് റീച്ചിൽ മാത്രമാണ് സെമി ഹൈസ്പീഡ് ട്രെയിനിന് 110 കി.മീ വേഗത കൈവരിക്കാൻ തന്നെ കഴിയുന്നത്.
ട്രാക്കുകളിലെ വളവ് നിവർത്തുന്ന ജോലി പൂർത്തിയായാൽ മാത്രമേ വന്ദേ ഭാരതിന് വേഗത കൂടുതൽ കൈവരിക്കാൻ കഴിയൂ എന്നതാണ് യാഥാർഥ്യം. നിലവിലെ അവസ്ഥയിൽ ആറുവരിപ്പാത പൂർത്തിയായാൽ രാത്രി യാത്രക്കാർക്ക് ഏറ്റവും മികച്ച ഓപ്ഷനായി കേരളത്തിലെ ഈ റോഡ് യാത്ര മാറിയേക്കും.
ആറുവരിപ്പാതയുടെ നിർമാണം തീരുന്നതിന് മുന്നേ കേരളത്തിന്‍റെ മുഖച്ഛായ മാറിയിരിക്കുകയാണ്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പുതുനഗരങ്ങളും പലയിടത്തും ഉയരും. പ്രധാന നഗരങ്ങളിൽനിന്ന് മാറിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. അത് ചരിത്രപരമായി സവിശേഷതകളുള്ള നഗരങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ ഗതാഗതകുരുക്കിൽപ്പെട്ടിരുന്ന നഗരങ്ങൾക്കുള്ള മോചനാമകും ദേശീയപാതയിലൂടെ തുറക്കുയെന്നും വാണിജ്യപരമായ കാര്യങ്ങൾ സർവീസ് റോഡുകളിലൂടെ തുടരുമെന്നും കരുതുന്നവരും ഏറെയാണ്.
പുതിയ ആറുവരിപ്പാതയിൽനിന്ന് സർവീസ് റോഡുകളിലേക്ക് വഴി തുറക്കുന്ന സ്ഥലങ്ങൾ പുതിയ കവലകളായി മാറുകയും ചെയ്യും. ഇവ പിന്നീട് ചെറുനഗരങ്ങളായി മാറാനും സാധ്യതയേറെയാണ്. പുതിയ പാതയിൽ ടോൾ ബൂത്തുകളാണ് വരുന്നത്. ടോൾ ബൂത്തിന് സമീപത്തായി ലഘു ഭക്ഷണശാലകളും വർക് ഷോപ്പുകൾ, റസ്റ്റോറന്‍റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയെല്ലാം ആരംഭിക്കാനും നീക്കമുണ്ട്
.