റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മര്‍ദനമേറ്റു
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് മര്‍ദനമേറ്റു. നാല് സ്ത്രീകൾ പാലക്കാട് നിന്നും-കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ പാലക്കാട് നൂറണി സ്വദേശി കിരൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.15 വയസുഉള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനു ഇയാൾ സ്ത്രീകളെ മർദിക്കുകയായിരുന്നു.
സ്ത്രീകളെ ആക്രമിക്കൽ, പൊതു സ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെ പൊലീസ് മുഖത്തടിച്ചു; മലപ്പുറത്ത് പരാതിയുമായി യുവാവ്
മലപ്പുറം: വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിച്ചതായി പരാതി. മലപ്പുറം മഞ്ചേരിയിൽ വെച്ചാണ് സംഭവം.
മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറിനെയാണ് മർദിച്ചത്. വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം.
താനൊരു കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മഞ്ചേരി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ നൗഷാദ് ആണ് യുവാവിനെ മർദ്ദിച്ചത്.
സംഭവത്തെ തുടർന്ന് നൗഷാദിനെ മഞ്ചേരിയിൽ നിന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ.
വാഹനം ഓടിക്കുന്ന സമയത്ത് കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ പറഞ്ഞു.
ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. എന്നാൽ അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് 500 രൂപയായിരുന്നു പെറ്റി അടിച്ചുതന്നത്.
പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഫോൺ വാങ്ങിവെച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി. അടികിട്ടിയപ്പോൾ തലയുടെ സൈഡൊക്കെ നല്ല വേദനയായിരുന്നു.
കോളറിൽ പിടിച്ചു. മൂന്നു നാലു തവണ അടിച്ചുവെന്നും ജാഫർ ആരോപിച്ചു.
വിദ്യാർത്ഥിയെ മർദിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ
തിരുവല്ല: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചെന്ന് പരാതി. മർദനത്തിൽ കണ്ണിന് പരിക്കേറ്റ വിദ്യാർത്ഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവല്ല പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
തിരുവല്ല മതിൽഭാഗം അനന്തഭവനിൽ ഹർഷദ് ഹരിഹരനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ എം.സി. റോഡിലെ തുകലശ്ശേരി ഭാഗത്താണ് സംഭവം നടന്നത്. പ
ന്തളം ഡിപ്പോയിലെ കെ.എൽ 15 – 9293 നമ്പർ ഓർഡിനറി ബസിലാണ് സംഭവം.
തിരുമൂലപുരം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഹരിഹരൻ സുഹൃത്തുക്കളോടൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.
യാത്രയ്ക്കിടെ ആരോ ബസിന്റെ മണിയടിച്ചതിനെ തുടർന്ന് കമ്പിയിൽ പിടിച്ചു നിന്നിരുന്ന തന്നെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് ഹർഷദിന്റെ പരാതി.
തുടർന്ന് വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കി വിട്ടെന്നും പരാതിയുണ്ട്. സംഭവം കണ്ട നാട്ടുകാർ ബസ് തടഞ്ഞു.
അതേസമയം, വിദ്യാർത്ഥി യാത്രയ്ക്കിടെ തുടർച്ചയായി മൂന്നുതവണ മണിയടിച്ചതായിരുന്നുവെന്നും, മണിയുടെ ചരടിനോട് ചേർന്നിരുന്ന കമ്പിയിൽ കൈപിടിച്ചിരുന്നതിനാൽ അത് മാറ്റാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നുമാണ് കണ്ടക്ടർ സുധീഷ് നൽകുന്ന വിശദീകരണം.
Summary: Four women were assaulted at Palakkad railway station while trying to board a train to Kannur. Police have arrested the accused, Kiran from Nurani, in connection with the incident.