കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടൽ ദുരിതബാധിതർക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് തറക്കല്ലിടൽ നടത്തുന്നത്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് വരുന്നത്.
കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ ആണ് നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന രീതിയിലാണ് അടിത്തറ പണിയുക.
ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിൽ ഉൾപ്പെടുത്തും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നൽകാനുമാണ് തീരുമാനം.
എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച പന്തലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.