രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ കാണാനില്ല സുരക്ഷിതനല്ല; വീട്ടുതടങ്കലിലെന്ന് സംശയിക്കുന്നതായി സഞ്ജയ് റാവത്ത്
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ കാണാനില്ലെന്ന ആരോപണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്ത്. ധൻഖറിനെക്കുറിച്ച് രാജിവച്ചതിന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന നിലപാടോടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്ത് നൽകി. രാജ്യസഭാംഗങ്ങൾ ഹേബിയസ് കോർപസ് ഹരജി സമർപ്പിക്കാനാണ് ആലോചിക്കുന്നതെന്നും റാവത്ത് അറിയിച്ചു.
കത്തിൽ, ധൻഖറിന്റെ ഇപ്പോഴത്തെ സ്ഥിതിയും സുരക്ഷയും സംബന്ധിച്ച് വ്യക്തമായ വിവരം നൽകണമെന്ന് റാവത്ത് ആവശ്യപ്പെട്ടു. ജൂലൈ 21-നാണ് അവസാനമായി അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് രാവിലെ രാജ്യസഭയുടെ മൺസൂൺ സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ധൻഖർ, നടപടികൾ മാറ്റിവെക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതായും റാവത്ത് ഓർമ്മിപ്പിച്ചു. അതേ ദിവസം വൈകിട്ട് ആറുമണിയോടെ രാജി പ്രഖ്യാപിച്ചത്, വലിയ അമ്പരപ്പുണ്ടാക്കിയ നീക്കമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ജൂലൈ 21 മുതൽ ഇന്നുവരെ ധൻഖറിന്റെ സ്ഥലം, ആരോഗ്യനില എന്നിവയെ കുറിച്ച് യാതൊരു വ്യക്തതയുമില്ല. രാജ്യസഭാംഗങ്ങൾ നടത്തിയ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. മുൻ ഉപരാഷ്ട്രപതി വീട്ടുതടങ്കലിലാണോ എന്ന സംശയവും, ഡൽഹിയിൽ അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ച് അഭ്യൂഹങ്ങളും പ്രചരിക്കുന്നു” — റാവത്ത് ആരോപിച്ചു.
ഇതിന് മുമ്പ്, കപിൽ സിബലും സമാനമായ ആരോപണവുമായി രംഗത്തെത്തി. “കേന്ദ്ര സർക്കാർ ഉടൻ മറുപടി നൽകണം. ‘ലാപതാ ലേഡീസ്’ എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷേ ‘ലാപതാ’ (കാണാതായ) വൈസ് പ്രസിഡന്റ് എന്നത് ആദ്യമാണ് കേൾക്കുന്നത്” — സിബൽ പരിഹാസത്തോടെ പറഞ്ഞു.
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ അറിയിച്ചു.
2022ലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ചുമതലയേറ്റത്. 2019 മുതൽ 2022 വരെ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് രാജ്യസഭ നിയന്ത്രിച്ചത് രാജ്യസഭാ ചെയർമാൻ കൂടിയായ ജഗദീപ് ധൻകർ ആയിരുന്നു. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നു കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു.
രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെയാണ് താൻ പദവി ഒഴിയുന്നതെന്നും പാർലമെന്റിലെ അംഗങ്ങളോട് തന്റെ സ്നേഹം അറിയിക്കുന്നുവെന്നും ജഗദീപ് ധൻകർ രാജിക്കത്തിൽ വ്യക്തമാക്കി.
ഉപരാഷ്ട്രപതി ആകുമോ? അയ്യോയെന്ന് തരൂർ
തിരുവനന്തപുരം: ഉപരാഷ്ട്രപതിയാകാൻ സാദ്ധ്യതയുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ‘അയ്യോ…”എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി ശശി തരൂർ. അതേസമയം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ആ ട്രെയിൻ സ്റ്റേഷൻ വിട്ടുപോയെന്നായിരുന്നു പ്രതികരണം.
പി.കേശവദേവ് സാഹിത്യപുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള സംവാദ പരിപാടിയിലായിരുന്നു തരൂരിന്റെ മറുപടി. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇനി ഒരു ഏഷ്യാക്കാരന് ഊഴം വരുന്നതുതന്നെ 2046ലാണ്. അതുകൊണ്ട് അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും തരൂർ വ്യക്തമാക്കി.
ജഗ്ദീപ് ധൻകറിന് പകരം തരൂർ!
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്. ജഗ്ദീപ് ധൻകറിന്റെ രാജി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിന്റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമായാണ് രാജി എന്ന നിലപാടാണ് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.
പ്രതിപക്ഷ സഖ്യത്തെയും കോൺഗ്രസിനെയും കൂടുതൽ ദുർബലപ്പെടുത്താനുള്ള സർജിക്കൽ സ്ട്രൈക്കാകാം ധൻകറിന്റെ രാജി എന്ന സാധ്യതയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽചൂണ്ടുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ശശി തരൂരിനെ അടുത്ത ഉപരാഷ്ട്രപതിയായി കേന്ദ്രസർക്കാർ നിർദ്ദേശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ കുറേകാലമായി കോൺഗ്രസ് നേതൃത്വവുമായി പ്രകടമായ അകൽച്ചയിലാണ് മുതിർന്ന നേതാവ് ശശി തരൂർ. കുറച്ചു നാളുകളായി കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്താനും അദ്ദേഹം മടികാണിക്കാറില്ല. ശശി തരൂർ തങ്ങൾക്കൊപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. മോദിയുടെ ചാരനാണ് തരൂർ എന്ന ഗുരുതരമായ ആരോപണവും കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു.
ശശി തരൂരിന് പുറമേ മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് മുൻതൂക്കമുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. തരൂരിന് കേന്ദ്രസർക്കാർ ഒരു ഉയർന്ന പദവി നൽകുമെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഇതിനിടെ ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെ തരൂർ ഉപരാഷ്ട്രപതിയായേക്കും എന്ന തരത്തിലുള്ള ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരും രാജ്യസഭാ അധ്യക്ഷൻ കൂടിയായ ജഗ്ദീപ് ധൻകറുമായി തർക്കമുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇതാണ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ, ബിജെപിയുടെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമാണ് രാജിയെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ശശി തരൂരിനെ കോൺഗ്രസിൽ നിന്നും പൂർണമായും അകറ്റുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിൽ പോലും സുപരിചിതനായ തരൂരിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്”
ENGLISH SUMMARY:
After resigning on July 21, former Vice President Jagdeep Dhankhar has reportedly gone missing, with no official updates on his location or health. Shiv Sena MP Sanjay Raut wrote to Home Minister Amit Shah expressing concern and suggesting a habeas corpus plea. Rajya Sabha members have failed to contact Dhankhar, raising speculation about house arrest. Kapil Sibal also demanded government clarification, calling it unprecedented.