സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: മുൻ എംഎൽഎയും ഇടുക്കിയിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ എസ്. രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു.
തിരുവനന്തപുരം ബിജെപി ആസ്ഥാനത്തെത്തിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് രാജേന്ദ്രൻ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.
രാജേന്ദ്രനോടൊപ്പം ഇടുക്കി ജില്ലയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥനും സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപിയിൽ ചേർന്നത് ശ്രദ്ധേയമായി.
കഴിഞ്ഞ കുറച്ച് നാളുകളായി എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായിരുന്നു.
ഏകദേശം ഒരു മാസത്തോളമായി ബിജെപി സംസ്ഥാന നേതൃത്വവുമായി രാജേന്ദ്രൻ സജീവ ചർച്ചകളിലായിരുന്നു. ഈ കാലയളവിൽ തന്നെ അദ്ദേഹം തിരുവനന്തപുരത്ത് എത്തി .
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുകയും, രാഷ്ട്രീയ നിലപാടുകളും ഭാവി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് യാതൊരു പ്രത്യേക നിബന്ധനകളും മുന്നോട്ടുവച്ചിട്ടില്ലെന്ന് എസ്. രാജേന്ദ്രൻ പ്രതികരിച്ചു.
നിലവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹമില്ലെന്നും രാഷ്ട്രീയ പാർട്ടിയിലേക്കുള്ള തന്റെ പ്രവേശനം അധികാരമോ സ്ഥാനമോ ലക്ഷ്യമിട്ടല്ലെന്നും, ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും രാജേന്ദ്രൻ പറഞ്ഞു.
ഹൈറേഞ്ച് മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ, പ്രത്യേകിച്ച് ഭൂമി പ്രശ്നങ്ങൾ, കർഷകരുടെ ബുദ്ധിമുട്ടുകൾ, വികസന മന്ദഗതി എന്നിവ പരിഹരിക്കാൻ ഇടപെടുമെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഉറപ്പ് ലഭിച്ചതായും രാജേന്ദ്രൻ അറിയിച്ചു.
താൻ ആരെയും ബിജെപിയിൽ ചേരാൻ ക്ഷണിച്ചിട്ടില്ലെന്നും, ഓരോരുത്തരും സ്വന്തം നിലപാടും തീരുമാനവുമനുസരിച്ചാണ് പാർട്ടിയിൽ എത്തിയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
ഇടുക്കി ജില്ലയിൽ നിന്നുള്ള സിപിഐ, സിപിഎം പ്രവർത്തകരുടെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.









