കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തൻ പോലീസിന് നൽകിയ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് ദിവസങ്ങൾക്കു മുമ്പാണ്.
എന്നാൽ എന്തിനാണ് കൂടികാഴ്ച നടത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ നിർണായകമായ ചില വിവരങ്ങൾ കൂടി പുറത്തു വന്നു.
ഒക്ടോബർ ആറാം തീയതി പരാതിക്കാരനായ പ്രശാന്തൻ എ.ഡി എമ്മിനെ കാണാൻ ക്വാട്ടേഴ്സിൽ എത്തി പണം നൽകി എന്നായിരുന്നു പോലീസിന് നൽകിയ മൊഴി.
പണം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ നിർണായക ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വിവാദ പെട്രോൾപമ്പ് ഉടമ ടി.വി. പ്രശാന്തിന്റെ കോൾ ഡീറ്റെയിൽസ് റിക്കാർഡിൽ (സിഡിആർ) നിന്നാണ് വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. നവീൻ ബാബുവും പ്രശാന്തും കണ്ടുമുട്ടിയെന്ന് പറയുന്ന ഒക്ടോബർ ആറിന്റെ കോൾ ഡീറ്റെയിൽസാണ് ലഭിച്ചത്.
ഒക്ടോബർ ആറാം തീയതി രാവിലെ 11.10ന് നവീൻ ബാബു 7ൽ തുടങ്ങുന്ന തന്റെ സ്വകാര്യ നമ്പറിൽ നിന്നും പ്രശാന്തനെ വിളിച്ചിട്ടുണ്ട്.
30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള ഫോൺ കോളായിരുന്നു അത്. പിന്നീട് പ്രശാന്തൻ നവീൻ ബാബുവിനെ തിരിച്ചു വിളിച്ചു.
അതും 30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള കോൾ. പിന്നീട് നവീൻബാബു പ്രശാന്തനെ തിരികെ വിളിക്കുന്നത് 12.45ന്. അതൊരു 26 സെക്കന്റ് മാത്രം നീണ്ടു നിന്ന ഫോൺ കോൾ.
പിന്നീട് 8നും 9നും പ്രശാന്തൻ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. ഈ ഫോൺ കോളുകളുടെ സ്ക്രീൻ ഷോർട്ടുകൾ വിജിലൻസിന്റെ പക്കലുണ്ടെന്നാണ് സൂചന.
പിന്നീട് നവംബർ 11നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. എന്നാൽ പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 10 എന്നാണ്. പിന്നീട് രണ്ടു ദിവസം അവധി ദിനങ്ങളായിരുന്നു. എങ്കിലും ഇതിനിടെ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നെന്നാണ് സൂചന.
14ന് ഉച്ചയ്ക്കാണ് പ്രശാന്ത് കണ്ണൂർ വിജിലൻസ് ഓഫീസിൽ എത്തി വിവരങ്ങൾ നൽകിയതെന്നാണ് ഇനിയും സ്ഥിരീകരിക്കാത്ത വിവരം. അന്നു തന്നയായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടന്നതും.
കോൾ ഹിസ്റ്ററിയുടെ സ്ക്രീൻ ഷോർട്ടുകൾ ഉദ്യോഗസ്ഥർക്ക് കൈമാറിയ കാര്യം പി പി ദിവ്യക്ക് അറിയാമായിരുന്നെന്നാണ് സൂചന. അങ്ങനെ എങ്കിൽ ഇതു തന്നെയാവണം പി പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് !
മാധ്യമങ്ങൾ പുറത്തുവിട്ട മറ്റൊരു ബ്രേക്കിംഗ് ന്യൂസ് ആണ് പ്രശാന്തും പ്രശാന്തനും രണ്ടാണെന്നത്. പരാതിയിൽ ടി.വി പ്രശാന്തൻ എന്നും കരാറിൽ ടി.വി പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേതുടർന്ന് പേരുകൾ വ്യാജമാണെന്നാണ് പുറത്തുവന്ന മറ്റൊരു വിവരം. എന്നാൽ പ്രശാന്തും പ്രശാന്തനും ഒന്നാണെന്ന് ആണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാളുടെ ആധാർ, പാസ്പോർട്ട്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പല ഔദ്യോഗീക രേഖകളിൽ രണ്ടു പേരുകളും ഉണ്ടെന്നാണ്ലഭിക്കുന്ന വിവരം.
ആറിന് രാവിലെ 11.10ന് നവീൻ ബാബു പ്രശാന്തിനെ ഫോണിൽ വിളിച്ചു. അന്ന് തന്നെ ഉച്ചയ്ക്ക് 12.42 നും 12.48 നും പ്രശാന്ത് തിരിച്ച് നവീൻ ബാബുവിനെയും വിളിച്ചിട്ടുണ്ട്. 11.10ന് നവീൻ ബാബുവിന്റെ കോൾ അറ്റൻഡ് ചെയ്യുമ്പോൾ പ്രശാന്തിന്റെ ടവർ ലൊക്കേഷന്റെ അദ്ദേഹത്തിന്റെ നാടായിരുന്നു.
എന്നാൽ 12.42നും 12.48 നും പ്രശാന്ത് നവീൻ ബാബുവിനെ വിളിക്കുമ്പോൾ പ്രശാന്തിന്റെ ടവർ ലൊക്കേഷൻ നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിലും. ഈ സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. പ്രശാന്തിന്റെ ഈ കോൾ ഡീറ്റെയിൽസ് കോടതിയിൽ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം.
വിജിലൻസ് ഡിവൈഎസ്പി ഓഫീസിലെയും കെടിഡിസി ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു പ്രതിഭാഗം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
നവീൻ ബാബു മരിക്കുന്നതിന് തലേന്നായ ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12.30 മുതൽ 1.45 വരെയുള്ള സിസി ടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
അന്നേദിവസം പ്രശാന്തിനെ വിജിലൻസ് സിഐ ബിനു മോഹനനും വിജിലൻസ് ഡിവൈഎസ്പിയും ചോദ്യം ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനാണ് അപൂർവങ്ങളിൽ അപൂർവമായ തെളിവു ശേഖരിക്കൽ നടപടിയിലേക്ക് കടന്നിട്ടുള്ളത്.
ഇത്തരം തെളിവു ശേഖരണത്തിന് പരിമിതമായ അവകാശങ്ങളെ പ്രതിഭാഗത്തിനുള്ളൂവെന്നും വർഷങ്ങൾക്ക് ശേഷം കേസ് വിചാരണയ്ക്ക് വരുമ്പോൾ ഈ സിസിടിവി ദൃശ്യങ്ങൾ നിർണായകമാകുമെന്നും അപ്പോൾ ഈ തെളിവ് ശേഖരിക്കൽ അസാധ്യമായതിനാലാണ് ഇത്തരം ഒരു അപേക്ഷയുമായി കോടതിയെ സമീപിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു.
നവീൻ ബാബുവിന് പറ്റിയ തെറ്റെന്താണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ലാൻഡ് റവന്യൂ ജോയിന്റെ കമ്മീഷണർ എം. ഗീതയ്ക്കു കളക്ടർ അരുൺ കെ. വിജയൻ നൽകിയ മൊഴിയിലും പോലീസിനു നൽകിയ മൊഴിയിലും തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി വെളിപ്പെടുത്തുന്നുണ്ട്.
സ്വാഭാവികമായും തെറ്റുപറ്റിയെന്ന് ഒരാൾ പറഞ്ഞാൽ എന്താണ് തെറ്റ് എന്ന് മറുചോദ്യം ഉയരില്ലേ? കളക്ടർ ഇക്കാര്യം നവീൻ ബാബുവിനോട് ചോദിച്ചിരുന്നോ? പെട്രോൾ പമ്പ് വിഷയത്തിൽ പണം വാങ്ങിയതാണോ? അതോ അതിനേക്കാൾ വലിയ മറ്റ് തെറ്റുകൾ വല്ലതുമാണോ സംഭവിച്ചിട്ടുള്ളത് എന്ന ചോദ്യമാണ് പ്രതിഭാഗം ഉയർത്തുന്നത്.
നവീൻ ബാബു കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയുടെ ജാമ്യഹർജി അഞ്ചിനാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് പരിഗണിക്കുന്നത്. കേസിൽ അന്ന് വാദം നടക്കും. തുടർന്ന് കോടതി ജാമ്യ ഹർജിയിൽ വിധി പറയും.
Former ADM Naveen Babu was found dead in his official residence in Kannur on October 15, a day after the farewell function in which Divya publicly accused him of being corrupt