കൊച്ചി: കുരങ്ങുകളുടെ ശല്യം കുറയ്ക്കുന്നതിനായി ജനന നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് അനുമതി തേടി കേരളം. മനുഷ്യ-വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സജീവമായി ചർച്ച ചെയ്യുന്നതിനിടെയാണ് പുതിയ നടപടി.
അനുമതിക്കായി സംസ്ഥാന വനംവകുപ്പ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ (MoEF&CC) സമീപിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
കുരങ്ങുകളുടെ ശല്യം വർദ്ധിച്ചുവരുന്നതിനാൽ വനങ്ങളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ ഉപജീവനമാർഗ്ഗത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമാണ്.
നാടൻ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളുടെ (bonnet macaque) എണ്ണം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ നടപടികൾ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. ഈ നിർദ്ദേശത്തിന് അന്തിമരൂപം നൽകുന്നതിനായി മെയ് 28 ന് ശിൽപ്പശാല നടത്തും.
വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങൾ ശസ്ത്രക്രിയകൾ വഴി വന്ധ്യംകരണം , ഇൻട്രാമസ്കുലാർ ഇഞ്ചക്ഷൻ, ഗുളികകൾ എന്നീ ഗർഭനിരോധന മാർഗ്ഗങ്ങളിലൂടെ കൃത്രിമ ജനന നിയന്ത്രണ രീതികൾ നടപ്പാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.