കൊച്ചി : നാട്ടിലും കൃഷിയിടങ്ങളിലുമെത്തുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പുത്തൻ കെണിയുമായി വനംവകുപ്പ്. കടുവ ഇരപിടിക്കുമ്പോൾ വനത്തിൽ മറ്റുജീവികളുണ്ടാക്കുന്ന ശബ്ദകോലാഹലം കൃത്രിമമായി സൃഷ്ടിക്കും. ഇതുകേട്ടാൽ കാട്ടാനക്കൂട്ടം മാറിപ്പോകും. പരീക്ഷണാർഥം പ്രയോജനകരമാണെന്നു കണ്ടതിനെത്തുടർന്നു വ്യാപകമായി ഉപയോഗിക്കാനാണു വനംവകുപ്പ് ആലോചിക്കുന്നത്.
കണ്ണൻദേവൻ കമ്പനി ബംഗളുരുവിൽനിന്നു വരുത്തിച്ചു വനംവകുപ്പിനു കൈമാറിയതാണു ഈ ഇലക്ട്രിക് ഉപകരണം. നിലവിൽ ഇടുക്കി മൂന്നാർ, ഇരവികുളം മേഖലയിലാണു ഇത്തരത്തിൽ ഉപകരണം പ്രവർത്തിപ്പിക്കുന്നത്. കടുവ സമീപത്തെത്തി എന്ന് ആദ്യം അറിയുന്നതു പക്ഷികൾ, കുരങ്ങ് പോലുള്ള ചെറിയ ജീവികളാണ്. ആ സമയത്തു അവ കൂട്ടത്തോടെ പേടിച്ചു ശബ്ദമുണ്ടാക്കി ആന ഉൾപ്പടെ മറ്റു മൃഗങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു.
കുട്ടിയാനകളുടെ ജീവനു പ്രധാന ഭീഷണി കടുവകളിൽനിന്നാണ്. അതിനാൽ, കുട്ടിയാന ഒപ്പമുള്ള കാട്ടാനക്കൂട്ടം ഈ മുന്നറിയിപ്പു കേൾക്കുന്നതോടെ അവിടം വിട്ടു മറ്റു കാട്ടിലേക്കു പോകും. കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയെന്നു അറിയുമ്പോൾ ഉപകരണം വനപാലകർ അമ്പതുമീറ്റർ അകലെയാണ് വെയ്ക്കുന്നത്. 15 മിനിറ്റു വരെ നീളുന്ന ശബ്ദത്തിൽ കടുവയുടെ അലറലും പിടിയിലാകുന്ന ജീവിയുടെ നിലവിളിയും ഉൾപ്പെടെയുണ്ട്.
ഇതു കേൾക്കുന്നതോടെ കാട്ടാനകൾ ഒന്നിച്ചു മാറിപ്പോകുന്നതു പതിവാണെന്ന് വനപാലകൾ പറയുന്നു. ഏറെദൂരെ നിന്നുപോലും ഈ ശബ്ദം തിരിച്ചറിയാൻ മൃഗങ്ങൾക്കു കഴിയുന്നു. ഒന്നര കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഇലക്ട്രിക് ഉപകരണം സോളാർ വൈദ്യുതിയിലും ചാർജ് ചെയ്യാം. ഒരു ദിവസം ചാർജ് നിലനിൽക്കും.