തൃശൂർ: തൃശ്ശൂരിൽ മഴക്കിടെ പത മഴ(ഫോം റെയിന്‍) പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പ്രതിഭാസമുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനിടെയാണ് സംഭവം.
ആദ്യം ചെറിയ ചാറ്റല്‍ മഴക്കൊപ്പം ആണ് പാതയും പാറിപറന്നെത്തിയത്. സംഭവം കണ്ടു നിന്ന പലർക്കും കാര്യം എന്തെന്ന് മനസിലായില്ല. അതിനിടെ കുട്ടികള്‍ പത കയ്യിലെടുത്ത് കളിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധരെത്തി പതമഴയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടു സാഹചര്യങ്ങളിലാണ് സാധാരണഗതിയില്‍ ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത രൂപപ്പെടുത്തും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്തമഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.