പറക്കും ടാക്‌സികളുടെ സേവനം നഗരത്തിൽ മുഴുവൻ പ്രദേശത്തും എത്തിയ്ക്കാനൊരുങ്ങി ദുബൈ. മൂന്നു വർഷത്തിനുള്ളിൽ സമ്പൂർണമായി പറക്കും ടാക്‌സികളുടെ സേവനം ലഭിയ്ക്കുന്ന ആദ്യ നഗരമാകാനാണ് തയ്യാറെടുപ്പ്. ഇതോടെ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. പൂർണമായും പറക്കും ടാക്‌സികളുടെ സേവനം ലഭിയ്ക്കുന്ന ലോകത്തെ ആദ്യ നഗരമെന്ന ഖ്യാതിയും ദുബൈയ്ക്ക് ലഭിയ്ക്കും. ടാക്‌സികളുടെ സേവനം ലഭ്യമാക്കുന്നതിന്റെ ആദ്യപടിയായി അവയ്ക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനുമുള്ള സൗകര്യങ്ങൾ നിർമിയ്ക്കും. ദുബൈ വിമാനത്താവള പരിസരങ്ങളിലായിരിയ്ക്കും ലാൻഡിങ്ങ് സ്റ്റേഷനുകൾ നിർമിയ്ക്കുക. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന സ്‌കൈ സ്‌പോർട്‌സ് കമ്പനിയ്ക്കാണ് ലാൻഡിങ്ങ് സ്റ്റേഷനുകൾ നിർമിയ്ക്കാനുള്ള ചുമതല. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള പറക്കും ടാക്‌സികൾ ദുബൈയിലെത്തുമെന്നാണ് സൂചന.