പ്രായം കൂടുമ്പോഴുള്ള ആശുപത്രിവാസം ഒഴിവാക്കാം;65+ വയസ്സുകാർക്കുള്ള വാക്സിൻ മാർഗ്ഗനിർദ്ദേശം — ഡോ. ബി. ഇക്ബാൽ
പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും, വിവിധ വൈറസുകളും ബാക്ടീരിയയും മൂലമുള്ള രോഗങ്ങൾക്ക് എളുപ്പത്തിൽ ഇരയാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
എന്നാൽ അനേകം ഗുരുതര രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്ന ശക്തമായ ആരോഗ്യ കവചമാണ് വാക്സിനുകൾ.
65+ വയസ്സുകാർ നിർബന്ധമായി എടുക്കേണ്ട രണ്ട് വാക്സിനുകൾ
പ്രത്യേകിച്ച് 65 വയസിന് മുകളിലുള്ളവർ നിർബന്ധമായും സ്വീകരിക്കേണ്ട രണ്ട് പ്രധാന വാക്സിനുകളാണ് ഫ്ലൂ വാക്സിനും ന്യൂമോകോക്കൽ വാക്സിനും. ഈ വാക്സിനുകളുടെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യ വിദഗ്ധനും കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. ബി. ഇക്ബാൽ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറൽ ആകുകയാണ്.
”ഞാൻ ഇന്ന് വാർഷിക ഫ്ലൂ വാക്സിൻ എടുത്തു”മുതിർന്ന പൗരന്മാർ ആരോഗ്യകരമായി ജീവിക്കാൻ ഫ്ലൂയും ന്യൂമോകോക്കൽ വാക്സിനും സ്വീകരിക്കുന്നത് അത്യാവശ്യമാണ്,” എന്ന് ഡോ. ഇക്ബാൽ എഴുതുന്നു.
ഫ്ലൂ വൈറസ് വർഷംതോറും ജനിതക മാറ്റങ്ങൾക്ക് വിധേയമാകുന്നതിനാൽ, ഓരോ വർഷവും പുതുക്കിയ ഫ്ലൂ വാക്സിൻ എടുക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാധാരണയായി സെപ്റ്റംബർ മുതൽ പുതിയ പതിപ്പ് വിപണിയിൽ ലഭ്യമാകും. 65 വയസ്സിന് മുകളിലുള്ളവർ ഓരോ വർഷവും ഫ്ലൂ ഷോട്ട് നിർബന്ധമായും എടുക്കണം.
ന്യൂമോകോക്കൽ ബാക്ടീരിയ മൂലമുള്ള ന്യുമോണിയ പോലുള്ള ഗുരുതര ശ്വാസകോശ അണുബാധകൾ വയോജനങ്ങളിൽ ജീവന് ഭീഷണിയായേക്കാം.
PCV20: ഇനി ന്യൂമോകോക്കൽ വാക്സിൻ ഒറ്റ ഡോസ് മതി
മുൻപ് രണ്ട് ഡോസുകളിലായി (PCV13, PPSV23) ഈ വാക്സിൻ എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ 20 സീറോടൈപ്പുകളെ പ്രതിരോധിക്കുന്ന Prevnar 20 (PCV20) ലഭ്യമാണ്. ഒറ്റ ഡോസ് മതി കൂടുതൽ വിപുലമായ സംരക്ഷണവും ലളിതമായ വാക്സിനേഷനും.
ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ള മുതിർന്നവർക്കാണ് ഈ അണുബാധകൾ കൂടുതൽ അപകടകരം.
പ്രായം കൂടുന്നതിനാൽ വാക്സിനുകൾ 100% പ്രതിരോധം നൽകാതിരുന്നാലും, രോഗം ബാധിക്കുകയാണെങ്കിൽ തീവ്രത കുറയ്ക്കാനും ആശുപത്രിവാസവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനും ഇത് സഹായിക്കും.
സാർവത്രിക കുത്തിവെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം
സമൂഹാരോഗ്യ സംഘടനകളും വയോജന കമ്മീഷനും ഈ വാക്സിനുകൾ സാർവത്രിക ഇമ്മ്യൂണൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി, സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാക്കുന്നു.




 
                                    



 
		

