തിരുവനന്തപുരം: മറന്ന് വച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി പണിക്കത്തിവിളാകത്ത് ശബരിയപ്പന്റെയും ലില്ലിക്കുട്ടിയുടെയും മകന്‍ ഷാജി (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്തായിരുന്നു അപകടം നടന്നത്.(Fisherman drowned in the sea)
മീന്‍ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന ശേഷം കടലില്‍ നങ്കൂരമിട്ട വള്ളത്തില്‍ മറന്നു വെച്ച മൊബൈൽ എടുക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്ന് മീന്‍ പിടിക്കാന്‍ പുറപ്പെട്ട ഷാജിയും വള്ളത്തിന്റെ ഉടമസ്ഥനായ ജോസും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മീന്‍ പിടിത്തം കഴിഞ്ഞ് മടങ്ങിയെത്തി. വള്ളം കടലില്‍ നങ്കൂരമിട്ട് നിര്‍ത്തിയ ശേഷം ഇരുവരും വീട്ടിലേക്ക് തിരിച്ചു. ഇതിനിടയിലാണ് വള്ളത്തില്‍ ഫോണ്‍ വെച്ചിരുന്ന കാര്യം ഷാജിയ്ക്ക് ഓർമ വന്നത്.
തുടർന്ന് രാവിലെ പത്തോടെ വീണ്ടും വിഴിഞ്ഞത്ത് എത്തി. നങ്കൂരമിട്ട വള്ളത്തില്‍ കയറാന്‍ കടലില്‍ ഇറങ്ങി നീന്തിയ ഷാജി തിരികെയെത്തിയില്ല. മത്സ്യബന്ധന സീസണ്‍ ആരംഭിച്ച വിഴിഞ്ഞത്ത് നൂറ് കണക്കിന് വള്ളങ്ങള്‍ നിരത്തിയിട്ടിരുന്നതിനാല്‍ ഇയാള്‍ കടലില്‍ മുങ്ങിയ വിവരം ആരും അറിഞ്ഞിയിരുന്നില്ല. ഉച്ച വരെയും ഇയാളെ കാണാതെ വന്നതോടെയാണ് ബന്ധുക്കള്‍ തീരദേശ പൊലീസിനെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ വെള്ളത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്.
അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Also: ‘അമിത് ഷാ എന്നെ ശാസിച്ചതല്ല, നന്നായി ഉപദേശിച്ചതാണ്’; വൈറൽ വീഡിയോയിൽ വിശദീകരണവുമായി തമിഴിസൈ
Read Also: 14.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: കുവൈറ്റിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തി; ഇനി പൊതുദർശനം