ലഖ്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു വയസുകാരി ഉൾപ്പെടെ നാലു പേർ മരിച്ചു. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്.(Fireworks Factory Explosion; Four deaths, including a three-year-old girl)
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിർമാണശാലയിൽ ഉഗ്രസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ മീര ദേവി(45), അമൻ(20), ഗൗതം കുഷ്‌വാഹ(18), കുമാരി ഇച്ച(മൂന്ന്) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആറുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തുപേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു പുറത്തെടുത്തു. ഇനിയും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.