കൊച്ചി: മകന് അനുയോജ്യമായ വിവാഹബന്ധം ലഭിക്കാൻ മാട്രിമോണിയൽ ഏജൻസിയിൽ ഫീസടച്ച രക്ഷതാവിന് കിട്ടിയത് എട്ട് യുവതികളുടെ അഡ്രസ്സും ഫോട്ടോകളും. നേരിൽ പോയി കാണുന്നതിന് ഫോണിൽ വിളിച്ചപ്പോൾ അവരിൽ ഏഴുപേരും വിവാഹിതരായി ഭർത്താക്കൻമാരുമൊത്ത് കഴിയുന്നവരാണെന്ന് അറിഞ്ഞത്. വിവരം തേടി വീണ്ടും മാട്രിമോണിയൽ ഏജൻസിയിയെ ബന്ധപ്പെട്ടപ്പോൾ ഒരു മറുപടിയുമില്ല.
എറണാകുളം ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ, മലപ്പുറം തിരൂരിലെ ലക്ഷ്മി മാട്രിമോണിയലിനെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. രണ്ടായിരം രൂപയാണ് മുൻകൂർ ഫീസായി മാട്രിമോണിയൽ ഏജൻസിയിൽ ഒടുക്കിയത്. ചതി തിരിച്ചറിഞ്ഞതോടെ ആണ് ഗോപാലകൃഷ്ണൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകിയിട്ടും സേവനം കൃത്യമായി നൽകുന്നതിൽ ഗുരുതര വീഴ്ചവരുത്തിയതായി ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. മക്കളുടെ വിവാഹം പോലെയുള്ള കാര്യങ്ങൾക്കായി സമീപിച്ചവരെ ഈ മട്ടിൽ തെറ്റിദ്ധരിച്ചത് കടുത്ത മന:ക്ലേശം ഉണ്ടാക്കിയെന്ന പരാതിക്കാരുടെ വാദം കോടതി ശരിവക്കുകയായിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് മാട്രിമോണിയൽ കമ്പനിക്ക് പിഴ നിശ്ചയിച്ച് ഉത്തരവിറക്കിയത്. പരാതിക്കാരിൽ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ തിരികെ നൽകണം. കൂടാതെ 7000 രൂപ നഷ്ടപരിഹാരമായും, 5000 രൂപ കോടതി ചെലവിനത്തിലും 45 ദിവസത്തിനകം എതിർകക്ഷി നൽകണമെന്ന് ഉപഭോക്തൃ കോടതി നിർദ്ദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് മിഷാൽ എം ദാസൻ ഹാജരായി.