സെക്കന്ദരാബാദ്: സെക്കന്ദരാബാദിനടുത്ത് ഒസ്മാനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹബ്സിഗുഡയിലെ രവീന്ദ്ര നഗർ കോളനിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചന്ദ്രശേഖർ റെഡ്ഡി (44), ഭാര്യ കവിത (35), മക്കളായ, ശ്രിത റെഡ്ഡി (15), വിശ്വൻ റെഡ്ഡി (10) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസ് കണ്ടെത്തിയത്. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ വ്യത്യസ്ത മുറികളിൽ തൂങ്ങിമരിക്കുകയായിരുന്നു. മരിച്ച ശ്രിത ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വിശ്വൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തികമായി മാത്രമല്ല, മാനസികമായും, ശാരീരികമായും ബുദ്ധിമുട്ടുകളിലായിരുന്നു ചന്ദ്രശേഖർ റെഡ്ഡിയെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ സംശയാസ്പദമായ മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ചന്ദ്രശേഖർ റെഡ്ഡി നേരത്തേ ഒരു സ്വകാര്യ കോളജിൽ ജൂനിയർ ലെക്ചററായി ജോലി ചെയ്തിരുന്നു. പക്ഷെ ആറു മാസത്തോളമായി ഇയാൾ തൊഴിൽ രഹിതനായിരുന്നു. ഇതെല്ലം തന്നെ കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ എൻ. രാജേന്ദർ പറഞ്ഞു.