സൺറൈസേഴ്‌സ് ഹൈദരാബാദിനെ 35 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹൈദരാബാദിന്റെ കൂറ്റനടിക്കാർക്ക് നിലയുറപ്പിക്കാനുള്ള സാവകാശം പോലും നൽകാതെയായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെംഗളൂരു ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ പോരാട്ടം 171ൽ അവസാനിച്ചു.
എവേ മാച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗളൂരുവിന്റെ തുടക്കം തെറ്റിയില്ല. നായകൻ ഫാഫ് ഡുപ്ലിസിസും സഹ ഓപണർ വിരാട് കോഹ്‌ലിയും തകർത്തടിച്ചാണ് തുടങ്ങിയത്. അഭിഷേക് ശർമയും ഭുവനേശ്വറും നായകൻ പാറ്റ് കമ്മിൻസും മാറി മാറി എറിഞ്ഞെങ്കിലും അടിക്ക് മയമുണ്ടായിരുന്നില്ല. എന്നാൽ നടരാജൻ വന്നതോടെ കളിമാറി. നടരാജന്റെ പന്തിൽ കൂറ്റൻ അടിക്ക് ശ്രമിക്കവെ ഡുപ്ലിസിനെ മാർക്രം പിടിച്ച് പുറത്താക്കി. 12 പന്തുകളിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമുൾപ്പെടെ 25 റൺസെടുത്താണ് നായകൻ മടങ്ങിയത്.
മൂന്നാമനായെത്തിയ വിൽജാക്സിനെ ബൗൾഡാക്കി മായങ്ക് മാർക്കണ്ഡേ അടുത്ത പ്രഹരമേൽപ്പിച്ചു. രണ്ടു വിക്കറ്റുകൾ തുടരെ തുടരെ വീണതോടെ അതുവരെ വെടിക്കെട്ട് മൂഡിലായിരുന്ന വിരാട് കോഹ്‌ലി ഗിയർ ഡൗൺ ചെയ്തു. എന്നാൽ ക്രീസിലെത്തിയ രജത് പട്ടിദാർ കൂറ്റൻ അടികളുമായി കളം ഭരിച്ചു. മാർക്കണ്ഡേ എറിഞ്ഞ 11 ാമത്തെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തി പട്ടിദാർ കളി തിരിച്ചുപിടിച്ചു. 19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ പട്ടിദാർ ജയദേവ് ഉനദ്കട്ടിന്റെ പന്തിൽ അബ്ദു സമദിന് ക്യാച്ച് നൽകി മടങ്ങി. 20 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 50 റൺസെടുത്താണ് മടങ്ങിയത്.
തൊട്ടുപിന്നാലെ അർധ സെഞ്ച്വറി പൂർത്തിയാക്കി വിരാട് കോഹ്‌ലിയും പുറത്തായി. ഉനദ്കട്ടിന്റെ പന്തിൽ അബ്ദുസമദിന് ക്യാച്ച് നൽകി. 43 പന്തിൽ നാല് ഫോറും ഒരു സിക്സുമുൾപ്പെടെ 51 റൺസെടുത്താണ് കോഹ്‌ലി മടങ്ങിയത്. തുടർന്ന് ക്രീസിൽ കൂറ്റൻ അടികളുമായി നിലയുറപ്പിച്ച കാമറൂൺ ഗ്രീൻ സ്കോർ അതിവേഗം ഉയർത്തിയെങ്കിലും നോൺസ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു. മഹിപാൽ ലോംറോർ എഴു റൺസെടുത്ത് ഉനദ്കട്ടിന്റെ അടുത്ത ഇരയായി.
തുടർന്നെത്തിയ ദിനേഷ് കാർത്തിക് (11) പാറ്റ് കമ്മിൻസിന്റെ പന്തിൽ സമദിന് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് സ്വാപ്നിൽ സിങ് സ്കോർ 200 കടത്തിയെങ്കിലും ഇന്നിങ്സിലെ അവസാന പന്തിൽ നടരാജന് വിക്കറ്റ് നൽകി. 6 പന്തിൽ 12 റൺസെടുത്താണ് പുറത്തായത്. 20 പന്തിൽ അഞ്ചുഫോറുൾപ്പെടെ 37 റൺസെടുത്ത കാമറൂൺ ഗ്രീൻ പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്കട് മുന്നും നടരാജൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
ബെംഗളൂരുവിന്റെ സീസണിലെ രണ്ടാം ജയമാണിത്. ഹൈദരാബാദിന്റെ മൂന്നാം തോൽവിയും. സൺറൈസേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് മുന്നിൽക്കണ്ടായിരുന്നു ബെംഗളൂരു ഇന്നിങ്സ് ആരംഭിച്ചത്. കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്കോറിങ് അതിവേഗത്തുടക്കവും സമ്മാനിച്ചു. നാലാം ഓവറിൽ ഡുപ്ലെസിസിനേയും (25) ഏഴാം ഓവറിൽ വിൽ ജാക്സിനേയും നഷ്ടമായതോടെ (6) ബെംഗളൂരു പ്രതിരോധത്തിലായി. പിന്നീട് കോഹ്ലിയുടെ ഇന്നിങ്സ് പതിഞ്ഞ താളത്തിൽ നീങ്ങിയെങ്കിലും രജത് പാട്ടിദാർ സ്കോർ ബോർഡ് ചലിപ്പിച്ചു.
അഞ്ച് ഓവറിനുള്ളിൽ തന്നെ ട്രാവിസ് ഹെഡ് (4), അഭിഷേക് ശർമ (31), എയ്‌ഡൻ മാർക്രം (7), ഹെൻററിച്ച് ക്ലാസൻ (7) എന്നിവർ മടങ്ങി. ഇന്നിങ്സ് പാതി വഴിയിലെത്തും മുൻപ് തന്നെ നിതീഷ് റെഡ്ഡിയും (13), അബ്ദുൾ സമദും (10) പുറത്തായതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി.ഷഹബാസ് അഹമ്മദ് (40*) പാറ്റ് കമ്മിൻസ് (15 പന്തിൽ 31), ഭുവനേശ്വർ കുമാർ (13) എന്നിവർക്ക് തോൽവിഭാരം കുറയ്ക്കാൻ മാത്രമെ സാധിച്ചൊള്ളു. രണ്ട് വിക്കറ്റ് വീതം നേടിയ സ്വപ്നീൽ സിങ്, കരൺ ശർമ, കാമറൂൺ ഗ്രീൻ എന്നിവരാണ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ തകർത്തത്. യാഷ് ദയാലും വിൽ ജാക്സും ഓരോ വിക്കറ്റും നേടി.
മൂന്നാം വിക്കറ്റിൽ 65 റൺസാണ് സഖ്യം ചേർത്തത്. 20 പന്തിൽ 50 തികച്ച പാട്ടിദാറിനെ മടക്കി ജയദേവ് ഉനദ്‌കട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. തന്റെ അടുത്ത ഓവറിൽ കോഹ്ലിയേയും ഉനദ്‌കട്ട് പുറത്താക്കി ബെംഗളൂരുവിന് ഇരട്ടപ്രഹരം സമ്മാനിച്ചു. 43 പന്തിൽ നാല് ഫോറും ഒരു സിക്സും ഉൾപ്പെട്ടും കോഹ്ലിയുടെ ഇന്നിങ്സിൽ. പുതിയ കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കാമറൂൺ ഗ്രീൻ നടത്തിയെങ്കിലും മഹിപാൽ ലോംറോറിനെ മടക്കി ഉനദ്‌കട്ട് വീണ്ടും വില്ലനായി.അവസാന ഓവറുകളിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ദിനേഷ് കാർത്തിക്കും (11) നിരാശപ്പെടുത്തി. 20 പന്തിൽ 37 റൺസെടുത്ത ഗ്രീനും അഞ്ച് പന്തിൽ 12 റൺസെടുത്ത സ്വപ്നീലുമാണ് ബെംഗളൂരു സ്കോർ 200 കടത്തിയത്. ഹൈദരാബാദിനായി ഉനദ്‌കട്ടിന് പുറമെ ടി നടരാജൻ രണ്ടും, മായങ്ക് മാർഖണ്ഡെ,പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റും നേടി.