ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു.രണ്ടു തുരങ്കമായാണ് പാത നിർമിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്.
ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക. പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.
നിർമാണത്തിനായി തിരഞ്ഞെടുത്ത രണ്ടു കമ്പനികൾക്ക് വർക്ക് ഓർഡർ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊങ്കൺ റെയിൽ അധികൃതർ വ്യക്തമാക്കി. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണ് പദ്ധതിക്ക് പച്ചക്കൊടി ലഭിക്കുന്നത്.
പ്രധാന മാനദണ്ഡങ്ങൾ ഇങ്ങനെയാണ്:
പരിസ്ഥിതിലോല പ്രദേശത്തു നിർമാണം അതീവശ്രദ്ധയോടെ നടത്തണം.
മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം.
കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം.
വയനാട് – നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ 3.0579 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.
പദ്ധതിപ്രദേശത്തു മാത്രമുള്ള ‘ബാണാസുര ചിലപ്പൻ’ എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം.
ജില്ലാതലത്തിൽ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം
ഇക്കാര്യങ്ങൾ പഠിച്ചശേഷം കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം കൂടി അംഗീകരിച്ചാണ് തുരങ്കപാതയ്ക്ക് അന്തിമ അനുമതി നൽകിയത്. സ്ഥലം ഏറ്റെടുപ്പും 90 ശതമാനം പൂർത്തിയാക്കി.
തുരങ്കപ്പാതയുടെ നിർമാണത്തിന് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്, റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി എന്നീ 2 കമ്പനികളെ ആണ് നേരത്തെ തിരഞ്ഞെടുത്തത്. 1341 കോടി രൂപയ്ക്ക് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. വയനാട് തുരങ്കപാതയ്ക്കായി 2,134 കോടി രൂപ ഇത്തവണയും സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരുന്നു.