കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുത്തേക്കും. പൊലീസിന്റെ തുടര്‍നടപടികള്‍ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം. സംഭവത്തില്‍ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്.
സംഭവത്തില്‍ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്‌തേക്കുമെന്നാണു വിവരം. അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.