യൂറിയ കിട്ടാനില്ല; നെട്ടോട്ടമോടി കർഷകർ
തിരുവനന്തപുരം: സംസ്ഥാനത്ത് രാസവള ക്ഷാമം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പ്രധാനമായും യൂറിയയും പൊട്ടാഷുമാണ് ലഭിക്കാത്തത്.
കർഷകരുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിച്ച് 24,985 മെട്രിക് ടൺ യൂറിയയും 21,096.4 മെട്രിക് ടൺ പൊട്ടാഷും അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി പി. പ്രസാദ് കേന്ദ്ര രാസവള-രാസവസ്തു മന്ത്രി ജഗത് പ്രകാശ് നദ്ദയ്ക്ക് കത്ത് നൽകി.
നെല്ല്, വാഴ, പച്ചക്കറി കൃഷികളുടെ നിർണായക ഘട്ടമായതിനാൽ വളം ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
നെൽക്കൃഷിക്ക് ഏക്കറിന് 15 മുതൽ 20 കിലോഗ്രാം വരെ യൂറിയ ആവശ്യമായിരിക്കെ, ആവശ്യത്തിന് വളം ലഭിക്കുന്ന സാഹചര്യമില്ല.
കൃത്യസമയത്ത് വളപ്രയോഗം നടത്താൻ കഴിയാതിരിക്കുന്നത് വിളവിനെ ഗുരുതരമായി ബാധിക്കുമെന്നാണ് കർഷകരുടെ ആശങ്ക.
കുട്ടനാട്ടിലെ നെൽക്കൃഷി മേഖലകളിലടക്കം യൂറിയ ക്ഷാമം അതിരൂക്ഷമാണ്. ഇതിനെ തുടർന്ന് യൂറിയയ്ക്ക് പകരം മറ്റു വളങ്ങൾ ഉപയോഗിക്കേണ്ട അവസ്ഥയിലേക്കാണ് കർഷകർ നീങ്ങുന്നത്.
കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ സപ്ലൈ പ്ലാൻ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് വളം വിതരണം ചെയ്യുന്നത്.
എന്നാൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ലഭിക്കേണ്ട യൂറിയയുടെ 42 ശതമാനവും, പൊട്ടാഷിന്റെ 53 ശതമാനവും മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്.
അതേസമയം, ഡൈ അമോണിയം ഫോസ്ഫേറ്റ് (DAP), സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (SSP) എന്നീ വളങ്ങളും ആവശ്യകതയെ അപേക്ഷിച്ച് യഥാക്രമം 6.6 ശതമാനവും 31 ശതമാനവും മാത്രമാണ് ലഭ്യമായിട്ടുള്ളത്.
വള ക്ഷാമം തുടരുന്ന സാഹചര്യത്തിൽ കൃഷി മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുകയാണ്.
English Summary
Farmers in Kerala are facing severe difficulties due to an acute shortage of chemical fertilizers, especially urea and potash. Agriculture Minister P. Prasad has written to Union Minister J.P. Nadda seeking urgent allocation of additional fertilizer stocks. With paddy, banana, and vegetable cultivation at a critical stage, delayed fertilizer supply is feared to severely impact crop productivity across the state, including the Kuttanad region.
Fertilizer Shortage Hits Kerala Farmers; State Seeks Urgent Supply
Kerala, fertilizer shortage, urea crisis, potash shortage, farmers, agriculture, P Prasad, JP Nadda, paddy cultivation, Kuttanad, chemical fertilizers









