വ്യാജ റാബിസ് വാക്സിൻ വിൽപ്പന: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പിന്‍റെ കടുത്ത മുന്നറിയിപ്പ്
ഇന്ത്യയിൽ വ്യാജ റാബിസ് വാക്സിൻ ബാച്ചുകൾ പ്രചാരത്തിലുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ് ശക്തമായ മുന്നറിയിപ്പ് പുറത്തിറക്കി.
2023 നവംബർ 1 മുതൽ ‘അഭയ്‌റാബ്’ (Abhayrab) എന്ന റാബിസ് വാക്സിന്‍റെ വ്യാജ പതിപ്പുകൾ വിപണിയിൽ സഞ്ചരിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എ. ടി. എ. ജി. ഐ) സ്ഥിരീകരിച്ചു.
മേയറുമല്ല ഡെപ്യൂട്ടി മേയറുമല്ല; വീണ്ടും ജനവിധി തേടാൻ ഒരുങ്ങി ആർ. ശ്രീലേഖ
ഓസ്‌ട്രേലിയയിൽ അംഗീകാരമില്ല; സംരക്ഷണം ഉറപ്പില്ല
‘അഭയ്‌റാബ്’ വാക്സിന് ഓസ്‌ട്രേലിയയിൽ അംഗീകാരമോ ഔദ്യോഗിക വിതരണമോ ഇല്ല.
ഇന്ത്യ സന്ദർശനത്തിനിടെ ഈ വാക്സിൻ സ്വീകരിച്ചവർക്ക് റാബിസിനെതിരെ മതിയായ പ്രതിരോധശേഷി ലഭിച്ചേക്കില്ല എന്നതാണ് പ്രധാന ആശങ്ക.
അത്തരക്കാർക്ക് തിരിച്ചെത്തിയ ശേഷം കൂടുതൽ വൈദ്യപരിശോധനയും ചികിത്സയും ആവശ്യമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
റാബിസ്: ലക്ഷണങ്ങൾ കണ്ടാൽ മാരകം
റാബിസ് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന അതീവ ഗുരുതരമായ വൈറസ് രോഗമാണ്.
ലക്ഷണങ്ങൾ ആരംഭിച്ചാൽ രോഗം പലപ്പോഴും മരണത്തിലേക്ക് നയിക്കും.
ഓസ്‌ട്രേലിയ റാബിസിൽ നിന്ന് മുക്തമായ രാജ്യമായിരിക്കുമ്പോൾ, ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും വൈറസ് ഇപ്പോഴും സജീവമാണ്.
രോഗബാധിതരായ മൃഗങ്ങൾ—പ്രത്യേകിച്ച് നായകൾ—കടിക്കുകയോ പോറുകയോ ചെയ്യുന്നതിലൂടെയും ഉമിനീരുമായി സമ്പർക്കത്തിലാകുന്നതിലൂടെയുമാണ് രോഗം പകരുന്നത്.
വ്യാജ വാക്സിനുകൾ ചികിത്സ പരാജയപ്പെടാനുള്ള അപകടം വർധിപ്പിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യവിദഗ്ധർ നൽകുന്നു.
വാക്സിൻ സ്വീകരിച്ചവർ ഉടൻ ഡോക്ടറെ കാണണം
2023 നവംബർ 1-ന് ശേഷം ഇന്ത്യയിൽ റാബിസ് വാക്സിൻ സ്വീകരിച്ച ഓസ്‌ട്രേലിയക്കാർ എത്രയും വേഗം ജനറൽ പ്രാക്ടീഷണറെയോ ട്രാവൽ ഹെൽത്ത് സ്പെഷ്യലിസ്റ്റിനെയോ സമീപിക്കണമെന്ന് ആരോഗ്യവകുപ്പ് ഡിസംബർ 19-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിർദ്ദേശിച്ചു.
യാത്രക്കാർക്ക് നിർബന്ധമായ മുൻകരുതലുകൾ
റാബിസ് വ്യാപകമായ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കായി ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ് താഴെപ്പറയുന്ന നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു:
- യാത്രയ്ക്ക് മുമ്പ് വിദഗ്ധ വൈദ്യോപദേശം തേടുക.
- ശുപാർശ ചെയ്യുന്ന വാക്സിനേഷനുകൾ ഉറപ്പാക്കുക.
- നായകൾ, പൂച്ചകൾ, കുരങ്ങുകൾ എന്നിവയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
- കടിയോ പോറലോ സംഭവിച്ചാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അടിയന്തിര ചികിത്സ തേടുക.
- വിദേശത്ത് സ്വീകരിച്ച വാക്സിനുകളുടെ തീയതി, പേര്, ബാച്ച് നമ്പർ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുക.
- സാധ്യമെങ്കിൽ വാക്സിൻ പാക്കേജിംഗിന്റെയും ലേബലിന്‍റെയും ഫോട്ടോ എടുത്തുവെക്കുക.
English Summary:
Australian health authorities have issued a warning to travellers visiting India after reports of fake rabies vaccine batches, particularly a product named “Abhayrab,” circulating since November 1, 2023. The vaccine is not approved in Australia, and those who received it in India may not be adequately protected against rabies. Travellers are advised to seek medical review upon return and follow strict preventive measures while visiting rabies-endemic countries.









