ആലപ്പുഴ: തുറവൂരിലെ വീട്ടുവളപ്പിൽനിന്നു കിട്ടിയ 128 വെടിയുണ്ടകൾ പൊലീസ് കോടതിക്കു കൈമാറി. പരിശോധനയ്ക്കായി വിദഗ്ദ്ധർ എത്താത്തതിനാലാണ് ഉണ്ടകൾ കോടതിയിലേക്ക് മാറ്റിയത്. കുത്തിയതോട് എസ്‌ഐ. എൽദോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് ഉണ്ടകൾ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കിയത്.
കഴിഞ്ഞമാസം അവസാനമാണു റിട്ട. എസ്‌ഐ. ചേർത്തല അരീപ്പറമ്പ് സ്വദേശി രമേശൻ വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിലെ ചവറുകൂനയ്ക്കിടയിൽ ഉപേക്ഷിച്ചനിലയിൽ ഇവ കണ്ടെടുത്തത്. പൊലീസിലെ ആർമറി വിഭാഗത്തിന്റെ പരിശോധനയിൽ വലിയ തോക്കിൽ ഉപയോഗിക്കുന്നവയാണെന്നു വ്യക്തമായി. തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
വിദഗ്ധ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിഭാഗത്തിന്റെ സേവനം ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനമെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം വേണ്ടുന്ന സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടെ വെടിയുണ്ടകൾ പരിശോധിക്കാം. ഇതിനാലാണു കോടതിക്കു കൈമാറിയത്.