ന്യൂഡൽഹി: എക്സോലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട് സംബന്ധിച്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ച് ഡൽഹി ഹൈകോടതി. 10 ദിവസത്തെ സമയമാണ് ഹൈകോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് സി.എം.ആർ.എല്ലാണ് ഹർജി നൽകിയത്.
അതേസമയം, ഹർജി അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയിൽ ആവശ്യം ഉന്നയിച്ചു. കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആർ.എൽ ഹൈകോടതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണവുമായി മുന്നോട്ട് പോകാൻ എസ്.എഫ്.ഐ.ഒക്ക് ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.എം.ആർ.എൽ. ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും വീണ വിജയൻ ഉൾപ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു.
ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് സി.എം.ആർ.എൽ. കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ 10 ദിവസത്തെ സമയം കൂടി വേണമെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ ചേതൻ ശർമ്മ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിക്കുകയായിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ആണ് സി.എം.ആർ.എൽന്റെ ഹരജി നേരത്തെ പരിഗണിച്ചിരുന്നത്. ഇന്ന് ഹരജി ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ചിന് മുമ്പാകെയാണ്.
മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനെ എതിർക്കുന്നില്ലെങ്കിലും, കേസിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നതിൽ നിന്ന് എസ്.എഫ്.ഐ.ഒയെ വിലക്കിയിട്ടുണ്ടെന്ന് സി.എം.ആർ.എൽ. ഹൈക്കോടതിയെ അറിയിച്ചു.
തുടർന്നാണ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ പത്ത് ദിവസത്തെ സമയം കോടതി എസ്.എഫ്.ഐ.ഒക്ക് അനുവദിച്ചത്. ഇരുഭാഗത്തോടും വാദം എഴുതി നൽകാനും ഹൈക്കോടതി നിർദേശിച്ചു.
ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ആണ് സി.എം.ആർ.എൽന്റെ ഹർജി നേരത്തെ പരിഗണിച്ചിരുന്നത്. ഇന്ന് ഹർജി ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗിന്റെ ബെഞ്ചിന് മുമ്പാകെയാണ്. കേസിലെ പരാതിക്കാരനായ ബിജെപി നേതാവ്ഷോൺ ജോർജും ഇന്ന് ഡൽഹി ഹൈക്കോടതിയിൽ ഹാജരായി.
കേരള ഹൈക്കോടതിയിൽ ഉൾപ്പടെ ഈ ഇടപാടുമായി ബന്ധപ്പെട്ട് നാല് ഹർജികൾ ഉണ്ടായിരുന്നുവെന്നും അതിൽ മൂന്നെണ്ണത്തിൽ തീർപ്പായെന്നും ഷോൺ ജോർജിന്റെ അഭിഭാഷകൻ ഷിനു ജെ. പിള്ള കോടതിയിൽ ചൂണ്ടിക്കാട്ടി.