തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കണമെങ്കിൽ ഇനി 12 വർഷം കാത്തിരിക്കണം. നേരത്തേ ഏഴു വർഷത്തിന് ശേഷം കൈമാറ്റം ചെയ്യാൻ സാധിക്കമായിരുന്നു. എന്നാൽ, ഈ കാലയളവ് 12 വർഷമാക്കി ഉയർത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
നേരത്തെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ ഒഴിച്ചുകൂടാൻപറ്റാത്ത സാഹചര്യത്തിൽ ഏഴു വർഷം കഴിഞ്ഞാൽ ഗുണഭോക്താക്കൾക്ക് വിൽക്കാനാകുമായിരുന്നു. ഇതിനായി മുൻകൂർ അനുമതിയും ആവശ്യമായിരുന്നു. എന്നാൽ, ഏഴുവർഷമെന്നത് ലൈഫിന്റെ ലക്ഷ്യത്തിനുതന്നെ ദോഷകരമാണെന്നു വിലയിരുത്തിയാണ് കാലയളവ് നീട്ടിയത്.
പി.എം.എ.വൈ.(അർബൻ,ഗ്രാമീൺ), തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റുപദ്ധയിലെ വീടുകൾ എന്നിവയ്ക്കും ഇതേവ്യവസ്ഥ ഏർപ്പെടുത്തിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാനഗഡു കൈപ്പറ്റിയ തീയതിമുതലാണ് സമയം കണക്കാക്കുന്നത്.