കനത്ത മഴയിൽ മുകൾ ഭാഗത്തു നിന്ന് ഉരുണ്ടു വന്ന കല്ല് ദേഹത്ത് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. അയ്യപ്പൻകോവിൽ ഏഴാം വാർഡിലെ സുൽത്താനിയയിൽ താമസക്കാരനായ എം. അയ്യാവ് (59) ആണ് മരിച്ചത്.
സുൽത്താനിയ പരീത്ഖാൻ ഏലം എസ്റ്റേറ്റിൽ ശനിയാഴ്ച 1.30 നാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ കനത്ത മഴയുണ്ടായപ്പോൾ മരച്ചുവട്ടിലേയ്ക്ക് മാറി നിന്നു. ഈ സമയം മുകൾ ഭാഗത്തു നിന്ന് വലിപ്പമുള്ള കല്ല് ഉരുണ്ടു വന്നു.
ഓടിമാറാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ കല്ല് ദേഹത്ത് വീണു.
കല്ലിനടിയിൽപ്പെട്ട അയ്യാവിനെ ഏറെ പണിപ്പെട്ടാണ് ഒപ്പമുണ്ടായിരുന്നവർ ചേർന്ന് പുറത്തെടുത്തത്.ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശക്തമായ മഴയിൽ അടി മണ്ണ് ഒലിച്ചു പോയതാണ് കല്ല് ഉരുണ്ടു വരാൻ കാരണം. തമിഴ്നാട്ടിലെ ചിന്നമന്നൂർ സ്വദേശിയായ അയ്യാവ് 11 വർഷമായി ഭാര്യയുമൊത്ത്
സുൽത്താനിയായിലാണ് താമസിക്കുന്നത്.ഭാര്യ പരമേശ്വരി. മക്കൾ വളർമതി , ശെൽവം , സുകന്യ.