ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്സ് ഉടമ രവി ഡിസി പോലീസില്‍ മൊഴി നല്‍കി. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നുമാണ് ഡി.സി. ബുക്സ് ഉടമ പോലീസിനോട് പറഞ്ഞത്.
കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് രവിയുടെ മൊഴിയെടുത്തത്. രണ്ടു മണിക്കൂര്‍ നീണ്ടു മൊഴിയെടുപ്പില്‍ രവി ഡിസി നല്‍കിയിരിക്കുന്നത് ഇപിയുടെ വാദങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങളാണെന്നാണ് സൂചന.
കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ പുറത്തു വന്ന 178 പേജുളള പി.ഡി.എഫ് സംബന്ധിച്ച് ഒന്നും അറിയില്ലെന്നായിരുന്നു മൊഴി. ഇത് എങ്ങനെ പുറത്തുവന്നു എന്നും വിവരമില്ലെന്നും മൊഴിയിൽ പറയുന്നു. പുസ്തക പ്രകാശനം സംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലും വിശദീകരണം നല്‍കിയില്ല എന്നാണ് പുറത്ത് വരുന്ന വിവരം.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥ എന്ന് പേരിലുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങൾ പുറത്തുവിട്ടത്. സിപിഎം നേതാക്കള്‍ക്കും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിനുമെതിരെ കടുത്ത പ്രയോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നായിരുന്നു ആത്മകഥയിലെ പ്രധാന വിമര്‍ശനം.
പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. പിന്നാലെ ഡിജിപിക്ക് പരാതിയും നല്‍കി. ഇതിലെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഇപിയുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.