കണ്ണൂര്‍: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ വിവാദത്തിന് തിരികൊളുത്തി ഇ.പി. ജയരാജന്റെ ആത്മകഥ. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും ആത്മകഥയിൽ പരാമർശിക്കുന്നതായാണ് വിവരം. അതേസമയം സംഭവം വിവാദമായതോടെ പുസ്‌തക പ്രകാശനം ഡിസി ബുക്സ് മാറ്റിവെച്ചു.(EP Jayarajan’s autobiography controversy)
‘കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ വിമർശനങ്ങളാണ് വിവാദമായത്. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമർശിച്ചിട്ടുണ്ട്. ‘സ്വതന്ത്രർ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിഥ്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും. നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്റെ വിഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതായും പറയുന്നു.
പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കറുമായുളള കൂടിക്കാഴ്ചയില്‍ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും ആരോപിച്ചിട്ടുണ്ട്.
എന്നാൽ, ആത്മകഥയിലെ വിവരങ്ങളായി പുറത്തുവന്ന കാര്യങ്ങള്‍ തള്ളി ഇ.പി ജയരാജൻ രംഗത്തെത്തി. പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ചിട്ടില്ല. പുസ്തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല എന്നും ഇപി പറയുന്നു.
അതേസമയം കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചതായി പ്രസാധകർ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.