ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജന്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും, ബി ജെ പിയുമായുള്ള ഡീല്‍ ഉറപ്പിക്കാനുള്ള ഇടനിലക്കാരന്‍ മാത്രമായിരുന്നു ജയരാജനെന്നും വി ഡി സതീശന്‍ ആരോപിച്ചു. പാപിയും ശിവനും ആരാണെന്ന് വ്യക്തമാണ്. ബി ജെ പി നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതോടെ ജയരാജനെ തള്ളിക്കളയുകയാണ് പിണറായി ചെയ്തത്. എന്നിട്ട് പാപിയുമായി ചേര്‍ന്ന ശിവന്റെ കഥ പറയുകയാണ്. വടക്ക് സാധാരണ പ്രയോഗത്തിലുള്ള “കൊണ്ടു നടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ… “എന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്. ബി ജെ പി ബന്ധത്തിന്റെ പേരില്‍ ഇ പിയെ ഒറ്റുകൊടുക്കാനാണ് പിണറായിയുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ പി ജയരാജനും പിണറായിയും ഒരുപോലെ ബി ജെ പിയുമായി അന്തര്‍ധാരകളുണ്ടാക്കിയിട്ടുണ്ട്. കരുവന്നൂര്‍ കേസിലും കരിമണല്‍ കേസിലും അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ?.സി.പി.എം നേതൃത്വം മറുപടി പറയണം. എന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read Also: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും; പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട് ഇപി