തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. മലപ്പുറത്തെയും കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും എസ്ഡിപിഐ ഓഫീസുകളിലാണ് ഇ ഡി റെയ്ഡ് നടക്കുന്നത്.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ നയങ്ങളും സാമ്പത്തികമായും നിയന്ത്രിച്ചതും നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. പുറമേ സാമൂഹിക സംഘടനയെന്ന രീതിയിൽ ഇസ്ലാമിക മുവ്മെന്റും ജിഹാദുമാണ് എസ്ഡിപിഐ ലക്ഷ്യമിട്ടതെന്നാണ് ആക്ഷേപം.
എസ്ഡിപിഐക്കെന്ന പേരിൽ രാജ്യത്ത് ഭീകരപ്രവർത്തനത്തിനായി പിഎഫ്ഐ വിദേശത്തുനിന്നുൾപ്പെടെ പണം പിരിച്ചെന്നാണ് കണ്ടെത്തൽ. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം ശേഖരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്, ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി പറയുന്നു.
എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ്. എസ്ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നൽകിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എം കെ ഫൈസിയുടെ അറിവോടെയാണ് കോടികളുടെ പണഇടപാടുകൾ എല്ലാം നടന്നത്. ഹവാലയടക്കമുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു. ഇതിനിടെ 12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ല.
പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് വകകൾ കണ്ടെത്തി. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്ഡിപിഐ രാജ്യത്ത് പ്രവർത്തിക്കുന്നത്.