ഷോപ്പിയാൻ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ അൽഷിപോറ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) തീവ്രവാദികളായ മോറിഫത്ത് മഖ്ബൂൽ, അബ്രാർ എന്ന ജാസിം ഫാറൂഖ് എന്നിവരാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും അധികൃതർ അറിയിച്ചു. കലകോട്ടിലെ വനമേഖലയിൽ തിങ്കളാഴ്ച വൈകിട്ട് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. സംശയാസ്പദമായ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വനമേഖലയിൽ സൈന്യവും പോലീസും ചേർന്ന് വളഞ്ഞിരുന്നു. ഇത് തിരിച്ചറിഞ്ഞ ഭീകരർ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വെടിവെപ്പ് നടന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീകരർ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ട്.
ഭീകരമുക്ത ജമ്മു കശ്മീർ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നത് വിദൂരത്തല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ദിൽബാഗ് സിംഗ് പറഞ്ഞു. യുവതലമുറയെ ലക്ഷ്യമിട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ജമ്മു കശ്മീരിൽ മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പാക്കിസ്ഥാനും അവരുടെ ഏജൻസികളും ഇതിന് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ വിരുദ്ധ മുന്നണിയിൽ ജനങ്ങളുടെ സഹകരണവും പിന്തുണയും വളരെ വലുതാണെന്ന് സിംഗ് വ്യക്തമാക്കി.