കൊച്ചി: ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് നേരിട്ടുള്ള വാട്ടര്‍മെട്രോ സര്‍വീസ് ഇന്ന് മുതൽ ആരംഭിക്കും. രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് നടത്തും.
ബാക്കിയുള്ള സമയങ്ങളിൽ പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും സർവീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ആളുകള്‍ ഹൈക്കോടതി ജെട്ടിയിലേയ്ക്ക് എത്തിയിരുന്നത്.
2022ല്‍ പണി പൂർത്തീകരിച്ചു തരണമെന്ന വ്യവസ്ഥയോടെ 23 ബോട്ട് പണിയാന്‍ കൊച്ചി കപ്പല്‍ ശാലയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ 19 ബോട്ടിന്റെ നിർമാണം ആണ് പൂർത്തിയായത്. ബോട്ട് കിട്ടിയാല്‍ അടുത്ത മാസം മുതല്‍ മട്ടാഞ്ചേരിക്ക് വാട്ടര്‍മെട്രോ സർവീസ് നടത്തും.
കരാര്‍ നല്‍കിയ ബോട്ടുകള്‍ ഇതുവരെ കിട്ടിയില്ലെങ്കിലും അടുത്ത സെറ്റ് ആയി 15 ബോട്ടുകളുടെ ടെന്‍ഡര്‍ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നാണ് കൊച്ചി വാട്ടര്‍ മെട്രോ ഏലൂര്‍ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ള റൂട്ടും സര്‍വ്വീസ് ആരംഭിച്ചിരുന്നു.









