ഓപ്പണ്‍ എഐ ആരംഭിക്കുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ ഓള്‍ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാരോപിച്ച് ഓപ്പണ്‍ എഐയ്ക്കും മേധാവി സാം ഓള്‍ട്മാനും എതിരെ നല്‍കിയ കേസ് ഇലോണ്‍ മസ്‌ക് പിന്‍വലിച്ചു. നോണ്‍ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യം എത്തിയവർ പിന്നീട് ആ സ്ഥാപകലക്ഷ്യം ഉപേക്ഷിച്ചെന്നുമായിരുന്നു മസ്‌കിന്റെ ആരോപണം. (Elon Musk drops lawsuit against Open AI)
ജനറേറ്റീവ് എഐ രംഗത്തെ ഓപ്പണ്‍ എഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുള്ള മസ്‌ക് എഐ മനുഷ്യവംശനാശത്തിന് കാരണമാവുമെന്ന വാദിക്കുകയും ഓപ്പണ്‍ എഐയുടെ പ്രവര്‍ത്തനങ്ങളെ വന്‍ ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാൽ ഇപ്പോ ലിക്കാര്യത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് മസ്ക്ക്.
കേസ് തള്ളിക്കളയാനുള്ള ഓപ്പണ്‍എഐയുടെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇലോണ്‍ മസ്‌ക് കേസ് പിന്‍വലിച്ചത്. ഓപ്പണ്‍ എഐയുമായി സഹകരണം പ്രഖ്യാപിച്ച ആപ്പിളിനെതിരെയും മസ്‌ക് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. നിരവധി പോസ്റ്റുകളാണ് ഈ സഹകരണത്തിനെതിരെ മസ്‌ക് പങ്കുവെച്ചത്.
ഫെബ്രുവരിയിലാണ് മസ്‌ക് കേസ് നല്‍കിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറി ലാഭം ലക്ഷ്യമിട്ടുള്ള കമ്പനിയായി മാറിയ ഓപ്പണ്‍ എഐയുടെ നീക്കം കരാര്‍ ലംഘനമാണെന്നായിരുന്നു മാസ്ക്കിന്റെ പ്രധാന ആരോപണം. എന്നാൽ, ഇതിനെതിരെ ഓപ്പൺ എ ഐ രംഗത്തെത്തിയിരുന്നു.
ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എ.ഐയുടെ ഭാഗമായിരുന്ന കാലത്ത് കമ്പനിയും ഇലോണ്‍ മസ്‌കുമായി നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഓപ്പണ്‍ എ.ഐ മാസ്ക്കിന്റെ നടപടികളെ നേരിട്ടത്. ഓപ്പണ്‍ എ.ഐ. അതിന്റെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ട് ശേഖരണത്തിന് പുറമെ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായത്തോട് മസ്‌ക് യോജിച്ചിരുന്നതായി ഈ മെയിലുകളിൽ നിന്നും വ്യക്തമാണ്.
മസ്‌ക് സ്വയം വാഗ്ദാനം ചെയ്ത ഫണ്ട് നല്‍കിയില്ലെന്നും ഇതിന് പുറമെ ഓപ്പണ്‍ എഐ ഏറ്റെടുക്കാമെന്ന വാഗ്ദാനവും മസ്‌ക് മുന്നോട്ടുവെച്ചിരുന്നുവെന്നും ഓപ്പണ്‍ എഐ പറയുന്നു. ഏതായാലും യാതൊരു കാരണവും വ്യക്തമാക്കാതെയാണ് മസ്‌കിന്റെ അഭിഭാഷകര്‍ കേസ് പിന്‍വലിക്കാനായി സാൻഫ്രാൻസിസ്കോ കോടതിയെ സമീപിച്ചത്.