കാട്ടാനക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ആന പാഞ്ഞടുത്തു, ആക്രമണം; വിനോദ സഞ്ചാരിക്ക് പരിക്ക്
ബന്ദിപ്പൂർ: നിരോധിത മേഖലയിൽ കടന്ന് സെൽഫിയെടുത്ത ആളെ ആക്രമിച്ച് കാട്ടാന. കർണാടകയിലെ ബന്ദിപ്പൂരിലായിരുന്നു സംഭവം. കാട്ടാനയ്ക്കടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച കാർ യാത്രികനെ ആണ് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇതോടെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
അതേസമയം ചാലക്കുടി മലക്കപ്പാറയിൽ തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം നടന്നു. മലക്കപ്പാറയിൽ വീരാൻകുടി ഉന്നതി സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വീരാൻകുടി ഉന്നതിയിൽ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുൽ എന്ന കുട്ടിയുടെ കുടുംബം ഉൾപ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയിലേക്ക് പോയത്.
ഇവിടെ നിന്നും മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസിൽദാരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം നടന്നത്. വാഹനം പിന്നിൽ നിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറിയുകയായിരുന്നു. തഹസീൽദാർ ജേക്കബ് കെ എ, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസീൽദാർ ശ്രീജേഷ് എം എ, ക്ലാർക്ക് അൻവർ സാദത്ത്, ആതിരപ്പിള്ളി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവർ അടങ്ങുന്ന റവന്യു സംഘത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇവരുടെ ജീപ്പിന് മുന്നിൽ എസ്‌കോർട്ട് ആയി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു.
വീരാൻകുടി ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികൾക്കായി മലക്കപ്പാറയിൽ പോയ തഹസിൽദാർ അടങ്ങുന്ന ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിക്കൊടിരിക്കുമ്പോൾ തന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടർത്തിയിരുന്നു. അടുത്തയിടെയായി പ്രദേശത്ത് നിരന്തരം പുലി സാന്നിധ്യം ഉള്ളതിനാൽ ജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ മുൻനിർത്തി പുലിയെ കൂട് വെച്ച് പിടിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കഴുകൻ കൊത്തിപ്പറിച്ചേക്കും; ആനയുടെ ജഡം കഴുകൻ്റെ ചായക്കടയിലെ തീൻമേശയിലേക്കോ
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഏത് വിധം സംസ്‌കരിക്കുമെന്ന കാര്യം ഉറ്റുനോക്കി ജനം. മാസങ്ങൾക്ക് മുമ്പ് മാനന്തവാടി നഗരത്തിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ കർണാടക വനംവകുപ്പിന്റെ പരിപാലന കേന്ദ്രത്തിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അവശനായി ചരിഞ്ഞിരുന്നു.
തണ്ണീർ കൊമ്പൻ്റെ ജഡം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ദിപ്പൂർ വനാന്തർ ഭാഗത്തെ കഴുകൻമാരുടെ ചായക്കടയിലേക്ക് കൊണ്ടുപോയിരുന്നു. വംശനാശം നേരിടുന്ന കഴുകന്മാരുടെ എണ്ണം വർധിക്കുന്നതിനായി കാട്ടിലും മറ്റും ജീവൻ നഷ്ടമാകുന്ന ആനയടക്കമുള്ള ജീവികളുടെ ജഡം കഴുകൻമാർക്കും പരുന്തുകൾക്കും ഭക്ഷണമായി നൽകുന്ന സ്ഥലമാണ് ഇത്.
ഷോക്കേറ്റ് ചരിഞ്ഞ കാട്ടുക്കൊമ്പനെയും സമാനരീതിയിൽ കഴുകൻ ചായക്കടയിലേക്ക് കൊണ്ടുപോകുമോ അതോ സാധാരണ ചെയ്യുന്നത് പോലെ കാട്ടിനുള്ളിൽ എവിടെയെങ്കിലും വലിയ കുഴിയെടുത്ത് സംസ്‌കരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചരിഞ്ഞ കാപ്പിത്തോട്ടത്തിൽ നിന്ന് ജഡം ലോറിയിൽ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇവിടെ വെച്ചാകും പോസ്റ്റുമാർട്ടം നടപടികളടക്കമുള്ളവ നടക്കുക. ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ ആന ചരിഞ്ഞത്. തെങ്ങ് മറിച്ചിടാൻ ശ്രമിക്കുവെ അത് വീണ് വൈദ്യുതിലൈൻ പൊട്ടുകയും തുടർന്ന് ആനയുടെ ദേഹത്ത് പതിച്ച് ഷോക്കേറ്റ് ചരിയുകയുമായിരുന്നുവെന്നാണ് നിഗമനം.
ENGLISH SUMMARY:
A man was injured after an elephant attacked him while he tried to take a selfie in Karnataka’s Bandipur restricted area. Officials warn against stopping vehicles in the zone.