കോഴിക്കോട്: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ യൂട്യൂബിലൂടെ പങ്കുവെച്ച സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി. അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്.
എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാം തുടങ്ങിയവ പരാമര്‍ശിക്കുന്നതായിരുന്നു വീഡിയോ. മലപ്പുറം സ്വദശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് വീഡിയോ പങ്കുവെച്ചത്. സംഭവം വാര്‍ത്തയായതിനു പിന്നാലെ വിദ്യാർത്ഥി തന്നെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
കൂടാതെ സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ വീണ്ടും വീഡിയോ ലൈവിൽ യൂട്യൂബിൽ വന്ന വിദ്യാർത്ഥി വീഡിയോ ചെയ്തതിൽ ഖേദം ഇല്ലെന്നും പറഞ്ഞിരുന്നു.
പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് താൻ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നും കുട്ടി പറഞ്ഞിരുന്നു. വിദ്യാർത്ഥി ഇംഗ്ലീഷ് പരീക്ഷയ്ക്ക് കോപ്പി അടിച്ചതായും വെളിപ്പെടുത്തിയിരുന്നു.