തിരുവനന്തപുരം: മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യൽ തുടരുന്നു. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരെയാണ് ഇഡി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്കും നോട്ടീസ് നൽകിയിരുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് ഇദ്ദേഹം ഹാജരായില്ല. ഇ.ഡി സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ ഇന്നലെ ശശിധരൻ കർത്ത ചോദ്യംചെയ്യലിന് ഹാജരാകേണ്ടതായിരുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായെങ്കിലും ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രിയോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. പുലര്‍ച്ചയായിട്ടും ചോദ്യം ചെയ്യല്‍ തുടരുകയാണ്. എക്സാലോജിക് കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.