മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. വഞ്ചനക്കുറ്റം, ഗൂഡാലോചന ഉള്‍പ്പടെയുള്ള അഞ്ച് കുറ്റങ്ങള്‍ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി രണ്ട് തവണ ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്നും ഇഡി വ്യക്തമാക്കി.
ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ പാലിച്ചല്ല സിഎംആര്‍എല്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നത് 2019ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. എക്‌സാലോജിക്കിന് 1.72 കോടി നല്‍കിയതും വിവിധ അന്വേഷണങ്ങളില്‍ വെളിപ്പെട്ടിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
എക്‌സാലോജിക്ക് സിഎംആര്‍എല്‍ അനധികൃത പണമിടപാടു സംബന്ധിച്ച കേസില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍, മാനേജിങ് ഡയറക്ടര്‍ എസ്എന്‍ ശശിധരന്‍ കര്‍ത്ത, കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇഡി സത്യവാങ്മൂലം നല്‍കിയത്.
എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി ജൂണ്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി. പിണറായി സർക്കാരിനെ ഒരിക്കൽ കൂടി പ്രതിരോധത്തിൽ ആക്കുന്നതാണ് എൻഫോഴ്സ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.
Read More: ഐ സി യു ആംബുലൻസ് കിട്ടിയില്ല; ആടുമേയ്ക്കാൻ പോയ ചെല്ലന് ദാരുണാന്ത്യം