നടനും നൃത്ത അധ്യാപകനുമായ rlv രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്. മകന്റെ ഭാര്യയുടെ പരാതിയിൽ 2022-ലാണ് സത്യഭാമയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നവംബറിൽ അബിത പൊലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അനൂപിനെ ഒന്നാം പ്രതിയും സത്യഭാമയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സത്യഭാമ തന്നെ മാനസിക-ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ ആരോപിക്കുന്നു.ഗുരുതരമായ ആരോപണങ്ങളാണ് സത്യഭാമയ്ക്കെതിരെ മരുമകൾ അബിത ബി.ജി ഉന്നയിച്ചത്. 2022 സെപ്റ്റംബർ മാസമായിരുന്നു അബിതയും സത്യഭാമയുടെ മകൻ അനൂപും തമ്മിൽ വിവാഹം കഴിച്ചത്. ഇതിന് ശേഷം ക്രൂരമായ സ്ത്രീധന പീഡനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു.
ഒക്ടോബറിൽ അബിതയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിൽ ചെന്നപ്പോൾ, സത്യഭാമ അബിതയുടെ താലി വലിച്ച് പൊട്ടിച്ചെന്നും മുഖത്ത് ഇടിച്ചെന്നും തുടർന്ന് നിലത്ത് തള്ളിയിട്ടെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനമായി നൽകിയ 35 പവൻ പോരെന്നും 10 ലക്ഷം രൂപ ഇനിയും വേണമെന്നുമായിരുന്നു സത്യഭാമയുടെ ആവശ്യം. സ്ത്രീധനമായി നൽകിയ 35 പവൻ സത്യഭാമ ഊരിവാങ്ങിയെന്നും ആരോപണമുണ്ട്. അബിതയുടെ പേരിലുള്ള വീടും സ്ഥലവും അനൂപിന്റെ പേരിൽ എഴുതി നൽകിയ ശേഷം ഇനി തിരിച്ചുവന്നാൽ മതിയെന്ന് പറഞ്ഞ് സത്യഭാമ അബിതയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇത് തടയാൻ ശ്രമിച്ച അബിതയുടെ മാതാപിതാക്കളെ ആക്രമിച്ചെന്നും ആരോപണമുണ്ട്.