അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടത് ആനകളെ തുരത്തി ഓടിക്കുന്നതിനിടെ. ആനകൾ പുരയിടത്തേക്ക് എത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. തുരത്തി ഓടിക്കുന്നതിനിടയിൽ രണ്ട് ആനകൾ തിരിഞ്ഞ് കാട്ടിലേക്ക് പോയി എങ്കിലും ഒരെണ്ണം ഇന്ദിരയ്ക്ക് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു. കാലിനു ചെറിയ പ്രശ്നമുണ്ടായിരുന്നതിനാൽ ഇന്ദിരയ്ക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.ഇന്ദിര (70) ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്വന്തം പുരയിടത്തിൽ നിൽക്കുമ്പോൾ ആയിരുന്നു കാട്ടാനയുടെ ആക്രമണം. രാവിലെ ഇവരുടെ പുരയിടത്തോട് ചേർന്നുള്ള പറമ്പിൽ മൂന്ന് ആനകൾ ആണ് നിലയുറപ്പിച്ചത്.
പ്രദേശത്ത് റബർ വെട്ടുകയായിരുന്ന തൊഴിലാളികളാണ് സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തായി മുറിവുണ്ടായിരുന്നതായും ആന തലയ്ക്ക് ചവിട്ടിയത് ആണ് എന്നുമാണ് നാട്ടുകാർ പറയുന്നത്. രാവിലെ 7. 15 ന് നടന്ന ആക്രമണം ആണെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് ഇന്ദിരയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്