ഇടുക്കി കട്ടപ്പന പുതിയ ബസ് സ്റ്റാൻറിൽ ടെർമിനലിൽ വാഹനം കാത്തിരുന്ന യുവാവിന്റെ ശരീരത്തിൽ കഴിഞ്ഞ ദിവസം ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. Driver’s license suspended after bus runs over young man’s body
ഡ്രൈവർ ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത് . സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകാരുടെ ഭാഗത്തെ കസേരയിലിരുന്ന കുമളി സ്വദേശി വിഷ്ണു പതിരാജ് (20) വിനാണ് അപകടമുണ്ടായത്.
ബസ് സ്റ്റാൻഡിൽ നിന്നും പിന്നോട്ടെടുത്ത ബസ് ഗിയർ മാറിവീണ് മുന്നോട്ട് കുതിക്കുകയായിരുന്നു. തുടർന്ന് ബസ് വിഷ്ണുവിന്റെ മേലേയ്ക്ക് ഇടിച്ചുകയറി. കഴുത്തൊപ്പം ബസ് ഇടിച്ചുകയറിയതോടെ ഇരുന്ന കസേര ഉൾപ്പെടെ പിന്നിലേക്ക് വളഞ്ഞു. ഇതോടെ സമീപത്തുള്ളവർ ഓടിക്കൂടി. ബസ് പിന്നിലേക്ക് എടുക്കാൻ ആവശ്യപ്പെട്ടു.
ഇതോടെ ഡ്രൈവർ ബസ് പിന്നിലേക്ക് എടുത്തു. കണ്ടു നിന്നവർ ശ്വാസം അടക്കിപ്പിടിച്ചെങ്കിലും എല്ലാവരേയും അതിശയപ്പെടുത്തി വിഷ്ണു എഴുനേറ്റു നടന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വിഷ്ണുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കാലിന്റെ മുട്ടിനാണ് വിഷ്ണുവിന് പരിക്ക് ഉണ്ടായത് . കുമളി- മൂന്നാർ ഓടുന്ന ദിയ ബസാണ് അപകടമുണ്ടാക്കുന്നത്.
ഒരു മാസത്തേക്കാണ് ഇടുക്കി ആർ.ടി. ഒ. ലൈസൻസ് സസ്‌പെൻഡ് ചെയ്തത് . വരുന്ന ഒരുമാസം എടപ്പാൾ ഐ.ഡി. ടി .ആർ. ഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനവും ഡ്രൈവർ നേടണം.