വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബം തയാറാക്കിയ നാടകം
നോർത്ത് വെസ്റ്റ് ഡൽഹിയിൽ കോളജ് വിദ്യാർത്ഥിനിക്കു നേരെ നടന്നതായി ആരോപിച്ച ആസിഡ് ആക്രമണകേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണത്തിന്റെ തുടർ ഘട്ടങ്ങളിൽ പൊലീസ് കണ്ടെത്തിയത്.
സംഭവമെന്നു പറയപ്പെട്ടത് യഥാർത്ഥത്തിൽ ഒരു നാടകമാണെന്നും അത് വിദ്യാർത്ഥിനിയുടെ സ്വന്തം കുടുംബം തന്നെ ഒരുക്കിയതാണെന്നും. ഈ കേസിൽ പെൺകുട്ടിയുടെ പിതാവ് അക്കീൽ ഖാൻ അറസ്റ്റിലായി.
ആവശ്യമായാൽ പെൺകുട്ടിക്കെതിരെയും കേസ് എടുക്കാമെന്നും, അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാകാമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്നത് അശോക് വിഹാർ പ്രദേശത്താണ്. കോളേജിലേക്കു പോകുന്ന വഴിയിലായിരുന്നു പെൺകുട്ടിക്കു നേരെയുണ്ടായെന്നു പറയുന്ന ആക്രമണം. കൈകളിൽ പൊള്ളലേറ്റ അവൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബം തയാറാക്കിയ നാടകം
എന്നാൽ, അന്വേഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, കയ്യിലേറ്റിയ പൊള്ളലുകൾ ആസിഡ് മൂലമല്ലെന്നും മറിച്ച് മനഃപൂർവം സൃഷ്ടിച്ചതായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
പെൺകുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി, കുടുംബത്തിന്റെ പരിചയക്കാരനായ ജിതേന്ദർ എന്നയാളെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൂടാതെ, കൂട്ടുപ്രതികളെന്നു പറഞ്ഞ ഇഷാൻ, അർമാൻ എന്നിവർ ഒളിവിലാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അന്വേഷണം പുരോഗമിക്കുന്തോറും പല തർക്കങ്ങളും തെളിവില്ലായ്മകളും പൊലീസ് ശ്രദ്ധയിൽപ്പെട്ടു.
ആദ്യം തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത് ജിതേന്ദറിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ അടിസ്ഥാനമായാണ്. ആക്രമണമുണ്ടായ സമയത്ത് ഇയാളുടെ ഫോൺ സ്ഥാനം അശോക് വിഹാറിലല്ല, കരോൾ ബാഗിലായിരുന്നു.
അതേസമയം, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ, പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു.
ഇതിനു പുറമേ, പെൺകുട്ടി കൂട്ടുപ്രതികളായി ആരോപിച്ച ഇഷാൻ, അർമാൻ എന്നിവരുടെ കുടുംബങ്ങൾക്കുമായി പെൺകുട്ടിയുടെ കുടുംബവുമായി മുൻപ് തന്നെ വസ്തു തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതോടെ അന്വേഷണത്തിന് മറ്റൊരു വഴിത്തിരിവ് ഉണ്ടായി.
പോളീസിന് മറ്റൊരു പ്രധാന സൂചന ലഭിച്ചത് സ്ഥലപരിശോധനയിൽ നിന്നാണ്. ആക്രമണമുണ്ടായതായി പറയുന്ന സ്ഥലത്ത് ആസിഡ് അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല. പകരം ശുചിമുറി ക്ലീനറിന്റെ സാന്നിധ്യം മാത്രമാണ് അവിടെ കണ്ടത്.
ഇതോടെ, പെൺകുട്ടിയുടെ കയ്യിൽ ഉപയോഗിച്ചത് ആസിഡല്ലെന്നു വ്യക്തമായി. എന്നാൽ ആശുപത്രി രേഖകളിൽ കയ്യിനും വയറ്റിനും പൊള്ളലുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു, ഇത് നാടകം കൂടുതൽ യാഥാർത്ഥ്യമാക്കി കാണിക്കാൻ കുടുംബം ശ്രമിച്ചതായിരിക്കാമെന്നാണു പൊലീസ് നിഗമനം.
സംഭവത്തിന്റെ വാസ്തവരൂപം വെളിവാക്കിയത് ജിതേന്ദറിന്റെ ഭാര്യ നൽകിയ പരാതിയിലൂടെയായിരുന്നു. ആസിഡ് ആക്രമണത്തിന്റെ ഇരയായതായി പറഞ്ഞ പെൺകുട്ടിയുടെ പിതാവ് അക്കീൽ ഖാൻ തന്നെയാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എന്നും, ജോലി സ്ഥലത്ത് ഭീഷണിപ്പെടുത്തി സ്വകാര്യ വിഡിയോകൾ ചിത്രീകരിച്ചതായും, പിന്നീട് അതിലൂടെ ബ്ലാക്ക്മെയിൽ ചെയ്തതായും അവൾ ആരോപിച്ചു.
ഈ പരാതി ലഭിച്ചതോടെ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിക്കുകയും കേസിനുപിന്നിലെ കള്ളക്കളി പുറത്തുവരികയും ചെയ്തു.
തുടർ അന്വേഷണത്തിൽ തെളിവുകൾ എല്ലാം അക്കീൽ ഖാനെതിരെയാണ് ചൂണ്ടിക്കാണിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പോലീസ് ഇപ്പോൾ കേസ് പുനഃപരിശോധനയിലാക്കി. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും തെളിവുകൾ ശേഖരിക്കാനും നടപടി ആരംഭിച്ചിരിക്കുന്നു.
കള്ളക്കേസിലൂടെ നിരപരാധികളെ കുടുക്കാനുള്ള ശ്രമം നടത്തിയവർക്ക് കടുത്ത നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകി.









